ചൂട് ചായയുടെ മേമ്പൊടിയായി പത്രം മറിച്ചിട്ട് നോക്കുകായിരുന്നു അയാള്‍ .. മുഴുവന്‍ പേജ് ഉം മറിച്ചിട്ട് നോക്കി .. ഇല്ല .. ഇന്നും പ്രതീക്ഷിച്ച വാര്‍ത്തകള്‍ ഒന്നുമില്ല.. ഹോ ഈ ലോകം നന്നായോ..? ഈ പീഡന വിദഗ്ദര്‍ ഒക്കെ എവിടെ പോയി..? എല്ലാവരും നന്നാവാന്‍ തീരുമാനിച്ചോ..? പത്രം ഒന്നുകൂടി മറിച്ചിട്ട് നോക്കി അയാള്‍.. ഹാവൂ ഭാഗ്യം.. അതാ കിടക്കുന്നു ഒരു വാര്‍ത്ത .. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ആരോ പീഡിപ്പിച്ചു ... ഒരു എപിസോഡ് നുള്ള വകയായി. പത്രം മടക്കിവച്ച് വേഗം പോകാന്‍ റെഡി ആവുക തന്നെ.. പത്രം മടക്കി മേശപ്പുറത്ത് വച്ചു .. അപ്പൊ ഒരു കഷ്ണം പേപ്പര്‍ ആ പേപ്പറിന്റെ ഒരു പേജില്‍ നിന്നും അടര്‍ന്നു വീണു ... ഹോ ഇപ്പോഴത്തെ പേപ്പര്‍ ഒക്കെ ഒന്നിനും കൊള്ളില്ല .. പുതിയ പേപ്പര്‍ ന്റെ മണവുമില്ല ഗുണവുമില്ല.. എന്നാണാവോ ഇനി ഇതൊക്കെ നേരയാവുക ...
ക്യാമറയും എടുത്ത് പേപ്പറില്‍ കണ്ട അഡ്രസ് ലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് അമ്മയുടെ പിന്നില്‍ നിന്നുള്ള വിളി .
" എവിടെക്കാ മോനെ രാവിലെതന്നെ ...? "
" ഞാന്‍ കുറച്ച് വൈകും .. ഒരു ന്യൂസ് തയ്യാറാക്കി അത് കൊടുത്തിട്ടേ വരൂ.."
അമ്മയുടെ മുഖഭാവം നോക്കാതെ അയാള്‍ വേഗം നടന്നകന്നു ...
അമ്മ വേഗം അകത്തേക്ക് പോയി മേശപ്പുറത്ത് നോക്കി ...
കഴിക്കാനും കുടിക്കാനും കൊടുത്തതൊക്കെ അവിടത്തന്നെ ഉണ്ട് ...
" ന്റെ ഭഗവാനെ ചതിച്ചോ. " അങ്ങനെ ഒരു ആര്‍ത്ത നാദം മാത്രേ ആ അമ്മയുടെ തൊണ്ടയില്‍ നിന്ന് വന്നുള്ളൂ.. അപ്പോഴേക്കും തളര്‍ന്നു ഇരുന്നു പോയി.. പ്രായം ശരീരത്തെ തോല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..
* * * * * * * ** * * * * * * *
വളരെ കഷ്ടപ്പെട്ടാണെങ്കിലും അയാള്‍ ആ അഡ്രസ് ഇല്‍ പറഞ്ഞ വീട് കണ്ടു പിടിക്ക തന്നെ ചെയ്തു ...
വീടിന്റെ മുറ്റത്ത് ഒരു ചെറിയ കുട്ടി കളിച്ചു കൊണ്ടിരിക്കുന്നു . അയാളെ കണ്ടപാടെ കുട്ടി പേടിച്ചു അമ്മേ... എന്നും വിളിച്ചും കൊണ്ട് വീടിനകത്തേക്ക് ഓടി... കുറച്ച് കഴിഞ്ഞപ്പോ പ്രായമായ ഒരു സ്ത്രീ ആ കുട്ടിയുടെ കൈയും പിടിച്ച പുറത്തേക്കു വന്നു ...
" ഇവിടെ ആരുമില്ല.. ഇവിടെ ഒന്നുമില്ല.. " കുറച്ച് ദേഷ്യത്തോടെ പറഞ്ഞു...
"ഞാന്‍ പത്രത്തില്‍ നിന്ന് വരികയാ.. മോളെ ഒന്ന് കാണണം കുറച്ച് വിവരങ്ങള്‍ ശേഖരിക്കണം "
അവര്‍ അവനെ രൂക്ഷമായൊന്നു നോക്കി ...
ഇവര്‍ എന്താ പത്രക്കാരെ കണ്ടിട്ടില്ലേ...
അയാളെ അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്ന് ആ സ്ത്രീ നിലവിളിച്ചു ...
" ഓടിവായോ... ഓടിവായോ ...."
അതുവരെ ആരോരുമില്ലാത്ത ആ വീട്ടു മുറ്റത്ത് ചുറ്റുമുള്ള ആള്‍ക്കാര്‍ നിറഞ്ഞു ...
കുറച്ച് ചെറുപ്പക്കാര്‍ വന്നു അവനെ ആ മുറ്റത്ത് നിന്ന് വലിച്ചിഴച്ചു വഴിയരികിലേക്ക് തള്ളി ..
അപ്പോള്‍ അയാള്‍ ആക്രോശിച്ചു " ഞാന്‍ പത്രക്കാരനാ.. എന്നെ തൊട്ടുകളിച്ചാല്‍ വിവരം അറിയുമേ ....
പിടിച്ചു തള്ളുന്നതിനിടയില്‍ ഇട്ടിരുന്ന ഡ്രസ്സ് ഒക്കെ അലങ്കോലമായിരുന്നു.അയാള്‍ ചുറ്റും കൂടിയവരെ നോക്കി . എല്ലാരുടെ കണ്ണിലും സഹതാപം ..കൂടി നിന്നവരില്‍ പ്രായമായ ഒരാള്‍ പറഞ്ഞു..
" പാവം ഏതോ നല്ല വീട്ടിലെ ആണെന്ന് തോന്നുന്നു .. "
അപ്പൊ മറ്റൊരാള്‍ കുറച്ച് ദേഷ്യത്തോടെ ...
"എവിടത്തെ ആയാലെന്താ... സുഖമില്ലെങ്കില്‍ വീട്ടിനുള്ളില്‍ പൂട്ടിയിടണം .. ഇങ്ങനെ ആള്‍ക്കാരെ ഇടങ്ങേരാക്കാന്‍ അഴിച്ചു വിടണോ ..?"
കൂടി നിന്നവരില്‍ ഒരുത്തന്‍ അയാളോട് പറഞ്ഞു .. " ഇവിട ഇങ്ങനെ കറങ്ങി നടക്കാതെ വേഗം പോയെ.. ഹും .. വേഗം പോയെ...."
അപ്പോള്‍ അയാള്‍ ചിന്തിക്കയായിരുന്നു ... ഇവര്‍ക്കൊക്കെ എന്താ പറ്റിയെ .. പത്രക്കരെയൊന്നും പണ്ടത്തെപ്പോലെ പേടിയില്ലതയോ ആള്‍ക്കാര്‍ക്ക് ..?
* * * * * * * ** * * * * * * *
അയാള്‍ വീട്ടിലെതുംപോഴേക്കും നേരം വളരെ വൈകിയിരുന്നു ... അമ്മ വീടിന്റെ മുന്‍പില്‍ത്തന്നെ കാത്തു നില്‍പ്പുണ്ട്... കീറിപ്പറിഞ്ഞ അയാളുടെ വേഷം കണ്ടു അമ്മ ആത്മഗദം കൊണ്ടു...
" ഭഗവാനെ ചെലവാക്കിയ പൈസയൊക്കെ വെറുതെ ആയോ.. ഇനി ആരെയാണാവോ ഞാന്‍ ഇവനെ കാണിക്കേണ്ടത് ...?"