Monday, May 17, 2021

മനസ്സിലൊരു മഴ

നേരമേറെയായിരിക്കുന്നു ഞാനീ,
മഴപെയ്യുന്ന വഴിയരികിൽ
കാത്തിരിപ്പിന്റെ മടുപ്പും
തലയിൽ ചുമന്നിരിക്കുന്നു..
കളിപറഞ്ഞിരിക്കാനൊരു കാറ്റെങ്കിലുമുണ്ട്
മഴയ്ക്ക് ,പിന്നെ ആർത്തിരമ്പാനും ..
പെയ്തു തോരാൻ വെമ്പുന്ന നേരം
മരച്ചില്ലയിൽ കുറുമ്പ് കാട്ടുന്ന കാറ്റ്,
മഴയോടോതുന്നതെന്തെന്നു നോക്കി
മടുപ്പിന്റെ ഭാരമറിയാതെയീ
കാത്തിരിപ്പ് നിനക്കു വേണ്ടിയാണ്,
നമുക്കായ് പെയ്യുന്നൊരു മഴ
ഒരുമിച്ചൊന്നു നനയാൻ..
ഈ മഴ ഒരു പേമാരിയായി
കഴുത്തറ്റം വെള്ളമെന്നിലേക്കൊഴുകുന്ന
നേരമാവുന്നതിനു മുന്നേ വരിക
എന്നരികിലേക്കു നീ..
ഈ മഴയിൽ ഞാനീ കാറ്റിനോട്
പരിഭവം പറഞ്ഞു,
കാത്തു നിൽപ്പുണ്ടാവും ഞാനെപ്പോഴും.
ഇമചിമ്മാതെയീ നിൽപ്പിലൊരു കാറ്റ്
എന്നിലെ കാഴ്ചകൾ മറച്ചപ്പോ
അറിയുന്നു ഞാൻ,
മഴ പെയ്യുന്നതിവിടെയെൻ മനസ്സിലും
അവിടെയൊരു മഴപെയ്യുന്നത് മണ്ണിലും,
ആ മഴയെ ഉമ്മറത്തിരുന്നു
ആസ്വദിക്കുന്നത് നീയും ആണെന്ന്..
ഇവിടെ പെയ്തൊഴിഞ്ഞുപോയ
മഴയെ നോക്കി നേടുവീർപ്പിടുമ്പോഴും
മനസ്സിൽ മോഹം മായാതെ നിൽക്കുന്നു,
മഴ ഇനിയും വരും, അപ്പോൾ
കൈകൾ ചേർത്തു വച്ചു ആ മഴത്തുള്ളികൾ
നമ്മളൊരുമിച്ചു ഏറ്റുവാങ്ങും..


.... അനൂപ് ശ്രീലകം ...