ചില ജന്മങ്ങൾ
********************
നഗരം നടന്നു കൊണ്ടേയിരുന്നു
തൊട്ടടുത്ത കാതുകൾക്ക്
കേൾവി പോലും നൽകാതെ ....
അതിനൊരു കോണിൽ
നിശ്ചലമായ കണ്ണുകളുമായി
നീണ്ടു നിവർന്നു കിടക്കുമവളെ നോക്കി
അവൻ പറയാൻ തുടങ്ങി ..,
കൊടും വേനൽ കഴിഞ്ഞു..
പിന്നെ പേമാരിയും..
ഒളികണ്ണിട്ട് അപ്പോൾ വരും കാറ്റിനെ
ഒരു പൂ പോലും പൊഴിയാതെ
മടക്കി അയക്കണം നമുക്ക് .
വരൂ .. നമുക്ക് ഈ മിഥുന പൊൻവെയിലത്തുതന്നെ
കുടിലിന്റെ മേൽക്കൂര തീർക്കണം .
കണ്ണു തുറക്ക നീ
പാഴാക്കാനായ് ഒരു നിമിഷം പോലുമില്ല.
ചുറ്റുമുള്ള കണ്ണുകളിൽ ആർദ്രത പരത്തി
ഒരു നിമിഷമവന്റെ വാക്കുകൾ നിന്നു .
പിന്നെ പതിയെ അവളെയും കൂട്ടി യാത്രയായ്
ഒരു സ്വപ്ന സൗധം പണിയുവാൻ .
അപ്പോഴും നഗരം നടന്നുകൊണ്ടേയിരിക്കുന്നു
തൊട്ടടുത്ത കാതുകൾക്ക് കേൾവി പോലും നൽകാതെ .
----- അനൂപ് ശ്രീലകം ------