Wednesday, June 15, 2011

ക്യാന്‍വാസ്

ലിയ വെള്ള ക്യാന്‍വാസ് ..
പന്ത്രണ്ട് കുപ്പികളിലായ് പന്ത്രണ്ട് ചായങ്ങള്‍ ..
പലതരം ബ്രഷുകള്‍ ...
പൂര്‍ത്തിയാക്കാന്‍ പറ്റുന്ന ഒരു ചിത്രം 
വരക്കാനുള്ള ഒരുക്കത്തിലാണ് ...
കാരണം ആയിരം വാക്കുകള്‍ക്കു തുല്യം ഒരു ചിത്രമെന്ന് 
ആരോ പറഞ്ഞതോര്‍മ്മവന്നു ...
എവിടെ തുടങ്ങണം..?
എല്ലാം ചിന്തിക്കുന്ന തലയില്‍ ..?
എന്തിനെയും താങ്ങി നിര്‍ത്തുന്ന കാലുകളില്‍ ..?
തേടിപ്പിടിക്കും  കൈകളില്‍ ..?
മനസ്സ് തീര്‍ച്ചപ്പെടുത്താന്‍ കുഴങ്ങുന്നതെന്തേ...
വെള്ള ചുമരില്‍ കരിക്കട്ടകൊണ്ട് 
വരകള്‍ തീര്‍ക്കും നാല് വയസ്സിന്റെ ബാല്യത്തില്‍ പോലും 
വര എവിടെ തുടങ്ങണമെന്ന് കുഴങ്ങിയില്ലായിരുന്നു...
ബാല്യത്തിന്‍ എന്റെ പ്രിയ ക്യാന്‍വാസ്..
കറുത്ത വരകള്‍ വീണ വെള്ളച്ചുമരുകള്‍ നോക്കി 
അച്ഛന് എന്നും പരാതിയായിരുന്നു ..
ബാല്യത്തില്‍ കോറിയിട്ട കറുത്ത വരകള്‍ക്ക് 
ആദ്യമായ് കിട്ടിയ സമ്മാനം ..
" കുരുത്തം കെട്ടവന്‍ ".. അത് അച്ഛന്റെ വകയായിരുന്നു ..
എങ്കിലും ഒരു ചിത്രത്തിന്‍ തുടര്‍ച്ചയെന്നോണം 
അനേകം ചിത്രങ്ങള്‍ അച്ഛനെ നോക്കി 
കൊഞ്ഞനം കുത്തിയിരുന്നു..ആ വെള്ളച്ചുമരുകളില്‍.. 
അവന്‍ കുഞ്ഞല്ലെയെന്ന അമ്മയുടെ 
വാക്കുകളുടെ പടച്ചട്ടയായിരുന്നു
അന്നൊക്കെ എന്നുമെന്നെ രക്ഷിച്ചത്‌..
അന്നുപോലുമില്ലാത്ത തുടക്കത്തിന്റെ പ്രശ്നങ്ങള്‍ 
ഇന്നെന്നെ വെട്ടയാടുന്നതെന്തേ..
കാഴ്ച്ചയുടെ ശീവേലി മാറിയതിനാലോ.. ?
ചായക്കൂട്ടുകളുടെ കാഠിന്യം കൂടിയതിനാലോ ..? 
നിറങ്ങളും നിഴലുകളും സന്നിവേശിച്ചാല്‍
ഒരു നല്ല ചിത്രമാകുമെന്ന് മനസ്സിന് തോന്നിയതിനാലോ ?. 
അതോ ക്യാന്‍വാസിന്റെ വില കൂടിയെന്ന് 
മനസ്സ് സ്വയം തീരുമാനിച്ചതുകൊണ്ടോ ..?
കുഴങ്ങുന്ന ചിത്രങ്ങള്‍ മാറ്റിവെക്കട്ടെ..
പകരം നിന്‍ ചിത്രം പകര്‍ത്തട്ടെ 
വിലകൂടിയ.. സമൂഹം വിലകൂട്ടിയ ..
എന്റെ വെള്ള ക്യാന്‍വാസില്‍ ..
 അതാവുമ്പോ മനസ്സില്‍ തരിമ്പുമില്ല 
എവിടെ തുടങ്ങണമെന്ന ചിന്ത...

2 comments:

  1. വരകള്‍ തീര്‍ക്കും നാല് വയസ്സിന്റെ ബാല്യത്തില്‍ പോലും
    വര എവിടെ തുടങ്ങണമെന്ന് കുഴങ്ങിയില്ലായിരുന്നു...

    നന്നായിരിക്കുന്നു... അനുപ്

    ReplyDelete
  2. നന്ദി ലിജി ...

    ReplyDelete