Monday, October 12, 2020

കാലം കാത്തുവച്ച വഴി

നിശ്ശബ്ദമായയീ താഴ്‌ വരയിൽ
രണ്ടാത്മാക്കൾ നമ്മൾ മാത്രം ..
പരസ്പരം പറയുവാൻ കഥകളേറെയുണ്ടായിട്ടും 
പറയാതെ കണ്ണിൽ  വായിച്ചെടുത്തു നമ്മൾ..
കഥകൾ വാക്കുകളായി മാറുമ്പോൾ 
തനിയെ വരുന്നൊരു ഗദ്ഗദത്തെ 
സമർത്ഥമായി നമ്മൾ മറച്ചുവച്ചു..
ഇനിയൊന്നും പറയാതെ കഥകൾ തൻ ശീലുകൾ
തലയിൽ നിന്നിറക്കി വെക്കാം 
പിന്നെ കൈകൾ കോർത്തു നടക്കാം 
ഈ  താഴ്‌ വരയിലെ കാലങ്ങളൊക്കെയും 
നമുക്കൊരുമിച്ചു പങ്കു വെക്കാം..
നടന്നു നീങ്ങുവാൻ ദൂരം ഒരുപാടുണ്ട് 
സ്വപ്നം കണ്ട്, സ്വപ്നത്തിലൂടെ  നടക്കുവാൻ   
ഇനിയുമൊരുപാട് ദൂരം 
നമുക്കായ് കാലം കാത്തു വച്ചിരിക്കുന്നു.
കാണുവാൻ വൈകിയോയെന്നു  
കാലത്തെ കുറ്റപ്പെടുത്താതെ, 
കാലം കാത്തുവച്ച വഴിയിലൂടെ 
നമ്മൾ നമ്മളെയറിഞ്ഞുകൊണ്ട്
മറ്റാരെയും നോക്കാതെ നടന്നു നീങ്ങാം.. 
 
 ...അനൂപ് ശ്രീലകം....

 
 


Tuesday, October 6, 2020

സ്വപ്ന ലോകം

ഒരു പുഴയുണ്ട്
അതിൽ നമുക്ക് കുളിക്കാം..
പുഴ വക്കിൽ ഒരു മരമുണ്ട്
അതിലെ തണലത്തിരിക്കാം നമുക്ക്..
പുഴയുടെ ചാരെ ഒരു വീടുണ്ട്
അവിടെ നമുക്ക് ഒരു സ്വർഗം തീർക്കാം..
അവിടെ മനുഷ്യരായി നമ്മൾ മാത്രം,
പിന്നെ കൂട്ടിനു
പക്ഷികളും പൂമ്പാറ്റകളും..
തൊടിയിലൊരു വാഴ വെക്കണം
അതിലെ പഴം കഴിക്കാം..
കുടിക്കാൻ പുഴയിലെ വെള്ളം
എടുത്ത് ശുചിയാക്കാം ..
വീടിനു മറുപുറം
ഒരു കാട് ആണ്
നമുക്കായ് വേണ്ടതൊക്കെയും
ആ കാട് തരും.
കാട്ടിലലഞ്ഞു വരുമ്പോ
പുഴവക്കിലൊന്നു വിശ്രമിച്ച്
പുഴയിലൊന്നു കുളിച്ച്
ദിവസത്തിന്റെ ഓരോ നിമിഷവും
ആസ്വദിക്കാം..
നിനക്ക് ഞാനും എനിക്ക് നീയും
കൂട്ടിനു കുറെ സ്വപ്നങ്ങളും..

---അനൂപ് ശ്രീലകം---


 

Monday, October 5, 2020

ഹൃദയത്തിലെഴുതിയ കവിത

മറ്റുള്ളവരാൽ വായിക്കപ്പെടാതിരിക്കാൻ
അക്ഷരങ്ങളിലേക്ക് ആവാഹിക്കാത്ത
മനോഹരമായ ഒരു കാവ്യമാണ്
നിന്നോടെനിക്കുള്ള പ്രണയം.
ഹൃദയത്തിൽ കുറിച്ചിട്ട 
മനോഹരമായ ഒരു കാവ്യം.
വായിക്കുന്തോറും മനസ്സിനെ
ആർദ്രമാക്കുന്ന ഒരു കാവ്യം..
എന്റെ ഹൃദയത്തിൽ നീയും,
നിന്റെ ഹൃദയത്തിൽ ഞാനും
ജന്മ ജന്മാന്തരങ്ങളായി കുടികൊള്ളാൻ,
നമ്മളൊരുമിച്ചു തീർത്ത
സ്വപ്നങ്ങൾക്കൊക്കെയും
നിറം ചാർത്തുന്നത്
അക്ഷരങ്ങളിലാവാഹിക്കാത്ത
ഈ മനോഹര കാവ്യമാണ്..
ദേഹംകൊണ്ടെത്ര അകലെയാണെങ്കിലും
തളർന്നു പോവുന്ന മനസ്സിനെ
തലോടുന്നതാണീ കാവ്യം...
ശ്വാസം നിലയ്ക്കും വരെ
ഹൃദയത്തിൽ സൂക്ഷിക്കുന്ന
എന്റെ മാത്രമായ
എന്റെ പ്രണയ കാവ്യം...
 
...അനൂപ് ശ്രീലകം...