Sunday, June 12, 2011

ആയുധം

ഞാന്‍ നടക്കുന്ന വഴികളിലൊക്കെയും
അവര്‍.. കാപട്യമാം അന്ധകാരത്തിന്‍
പുതപ്പിണ്റ്റെ മറവില്‍നോവിണ്റ്റെ
കഠാരയുമായി കാത്തിരിപ്പാണു..
മുറിഞ്ഞ്‌ ചോരവാര്‍ന്നു വിറങ്ങലിച്ച ഹൃദയത്തില്‍
ഇനിയുമൊരു മുറിവിനായ്‌ സ്ഥലം തേടി നടപ്പാണവര്‍..
എങ്കിലും..
ഞാന്‍ എണ്റ്റെ വഴികളിലൂടെയെ നടക്കൂ..
നിങ്ങള്‍ വിഷാംശമുള്ള ചിന്തകളുടെ കൂരമ്പ്‌ പായിച്ചാല്‍
തടുക്കാന്‍ എനിക്കു പടചട്ടയില്ല..
വാക്കുകളുടെ പടവാളുമായി പാഞ്ഞടുക്കുമ്പോള്‍
തടുക്കാന്‍ എനിക്കു പരിച ഇല്ല
എണ്റ്റെ ആയുധം എണ്റ്റെ മനസ്സ്‌ മാത്രമാണിപ്പോള്‍
ആയുധം എന്നു നഷ്ടപ്പെടുന്നുവോ
അന്നു എണ്റ്റെ മരണമായിരിക്കും
അപ്പോള്‍ വരൂ നിങ്ങള്‍
പടവാളും കൂരമ്പുകളുമായിട്ട്‌..
അതുവരെ എണ്റ്റെ ഹൃദയം നിണമണിയാതിരിക്കട്ടെ..
മിഴികള്‍ ജലകണങ്ങളാല്‍ നിറയാതിരിക്കട്ടെ..

പ്രവാസി

മനസ്സ് വരണ്ടു തുടങ്ങിയിരിക്കുന്നു....
മടുപ്പിക്കുന്ന മണലാരണ്യത്തിന്റെ ചൂടും
വീര്‍പ്പുമുട്ടിക്കുന്ന ജോലിയും ...
മനസ്സിനെ മടുപ്പിച്ചിരിക്കുന്നു...
ജന്മം കൊണ്ട്  തോറ്റ് പോകാതിരിക്കാന്‍
വലിയ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടനും
വലിഞ്ഞു മുറുകിയ ജീവിത
കൈവഴികളില്‍ നിന്നുള്ള മോചനവും തേടി
കാറ്റുകള്‍ പൊടിയുടെ മൂളലോടെ
കഥപറയുന്ന ഈ ചുഴിയില്‍
അകപ്പെട്ടുപോയിരിക്കുന്നു ഞാന്‍ ....
കരകയറാന്‍ നോക്കുന്തോറും
ഉള്ളിലേക്ക് വലിച്ചെടുക്കുന്ന
ഒരു മരണ ചുഴി ....
ബാഹ്യ ലോകത്തിന്‍ കണ്ണില്‍
എന്‍ ചിത്രം പുത്തന്‍ പണക്കാരന്‍ ..
അവര്‍ അറിയുന്നില്ല
എന്റെ കൈയിലുള്ള ഓരോ നാണയ തുട്ടിനും ..
നഷ്ട ബോധത്തിന്റെ
വിഹ്വലതയും നെടുവീര്‍പ്പും ഏറിരുന്നു എന്ന് ..
ഒരു ഭംഗി വക്കിനായ് അവരോടു ചൊല്ലാം..
നിങ്ങള്‍ക്കറിയില്ല നിങ്ങളെ നഷ്ടപ്പെടുന്ന
നിങ്ങളുടെ കാലങ്ങളെ കുറിച്ച് എന്ന്...
ചുണ്ടില്‍ നിന്ന് വീഴും ഈ വാക്കുകള്‍
അരികിലുള്ള വായുവില്‍ അലിയും മുന്‍പേ
പരഹാസ ദാമ്ഷ്ടകള്‍ കൊണ്ടവര്‍
കടിച്ചു കീറി ഇല്ലാതാക്കിയിരിക്കുമവര്‍
ജീവിത വഴിയില്‍ ഒറ്റപ്പെടുമ്പോഴും
ശേഷിച്ച ആരോഗ്യത്താല്‍
മരണത്തെ കാത്ത് കഴിയുമ്പോഴും
അവര്‍ എനിക്കായ്
ഒരു കിരീടം കാത്തു വച്ചിട്ടുണ്ടാകും
പ്രവാസി
അര്‍ത്ഥമറിയാത്ത വാക്കാണ്‌ അവര്ക്കെങ്കിലും ..

ക്ഷമാപണം

കൂട്ടംകൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലേക്കു ...
മുന്നിലേക്ക്‌ വരുന്ന..ഓരോ മുഖങ്ങളില്‍ ....
 സൂക്ഷിച്ചു നോക്കും ഞാന്‍...അവനാണോ അത്...
ഇല്ല.. ഞാന്‍ ഇതുവരെ കണ്ടില്ല അവനെ...
ഒരു ആള്‍ക്കൂട്ടത്തിലും....
എന്നാണാവോ അവനെ ഞാന്‍ കാണുക....
കണ്ടാല്‍ അവനു കൊടുക്കാന്‍ മനസ്സില്‍
ഒരു ക്ഷമാപണം കരുതിവച്ചിട്ടുണ്ട് ഞാന്‍...
കാലം അതിനെ മായ്ച്ചാലും ....
എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
ആ ക്ഷമാപണം ..
ഓര്‍മ്മകള്‍ എന്നെ എന്റെ പ്രൈമറി സ്കൂളില്‍ എത്തിക്കുന്നു..
രാമദാസന്‍ മാഷിന്റെ ക്ലാസ്സിന്റെ ഇടവേളയില്‍..
ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരില്‍ ഒരു അടിപടി..
അപ്പോള്‍ എന്റെ കൈയിലുള്ള കൂര്‍ത്ത മുനയുള്ള..
കടലാസ് പെന്‍സില്‍ കൊണ്ട്
ഞാന്‍ ആഞ്ഞു അവനെ കുത്തിയതും..
അവന്റെ കൈതണ്ടയില്‍നിന്നു തെറിച്ചു വീണ ചോരത്തുള്ളികള്‍..
ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു...
കുട്ടിത്തത്തിന്റെ മത്സരത്തില്‍ മുങ്ങിപ്പോയ അന്നത്തെ മനസ്സില്‍...
പറയാതെ ബാക്കിവച്ച..
ആ ക്ഷമാപണം എന്നാണ് ഞാന്‍ അവനെയെല്പ്പിക്കുക..
ഏല്‍പ്പിക്കുമ്പോള്‍ ഓര്‍ക്കുവാന്‍ മാത്രം..
കരുതിവചിട്ടുണ്ടാകുമോ അവനെന്തെങ്കിലും...
ഇല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്താന്‍
അനുഭവങ്ങള്‍ സൂക്ഷിച്ചുവച്ച അലമാരയില്‍
ഒരു പെന്‍സില്‍ കഷ്ണം ഇപ്പോഴും പൊടിപിടിച്ചു കിടപ്പുണ്ട് ...
കാലങ്ങള്‍ നമ്മെ സാഹചര്യങ്ങളിലൂടെ ...
മാറ്റം വരുത്തിയിട്ടുണ്ടാവാം...
പ്രായം നിന്നില്‍ മറവിയുടെ ജരാനരകള്‍
വീഴ്ത്തി യിട്ടുണ്ടാവാം..
എങ്കിലും എനിക്ക് പ്രതീക്ഷ യുണ്ട് ...
നീ എപ്പോഴായാലും സ്വീകരിക്കും എന്‍
ക്ഷമാപണം..

വാടാമല്ലികള്‍

പറഞ്ഞു ഞാന്‍ എന്താണെന്നും ആരാണെന്നും..
കൈ തട്ടി മാറ്റിയത്  നീയായിരുന്നു..
ഇപ്പോള്‍ നിന്‍ മനം പറയുന്നത്...
കാലം എനിക്ക് കാത്തു സൂക്ഷിച്ച സ്വപ്നങ്ങള്‍..
കാരണം ഒരു വാക്കില്‍ മുറിക്കാവുന്ന..
കടലാസ് പൂക്കളയിരുന്നില്ല,
നിനക്കുവേണ്ടി ഞാന്‍ കരുതി വെച്ചത് ...
സുഗന്ധമില്ലെങ്കിലും..
വാടാതെ കരിയാതെ
എന്നും നിനക്കായ്‌ കാത്തിരിക്കുന്ന ..
വാടാ മല്ലികള്‍ ആയിരുന്നു ..
ചുവന്ന പനിനീര്‍പ്പൂവിന്റെ സുഗന്ധവും
സൗന്ദര്യവും എന്‍ വാടാമാല്ലിക്കില്ലാ  എന്നും പറഞ്ഞു..
പുതിയ പൂന്തോട്ടങ്ങള്‍ തേടി നീ അലഞ്ഞതും..
മോഹിപ്പിക്കും പനിനീര്പൂക്കള്‍ കണ്ടു
ഓടി നീ ആ പൂക്കള്‍ പറിച്ചതും..
കാല ചക്രത്തിന്റെ കാല്പ്പാടില്‍ മാത്രമിപ്പോള്‍..
അപ്പോള്‍ ..
സുഗന്ധം പരത്തുന്ന നൈമിഷിക സൌന്ദര്യമുള്ള
പനനീര്‍ പൂക്കള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്ന മുള്ളുകള്‍ കൊണ്ട് മുറിഞ്ഞ
നിന്‍ മനസ്സിനെ ആശ്വസിപ്പിച്ചതും
ഞാന്‍ എന്റെ വാടാ മല്ലികള്‍ കൈയില്‍ വച്ചായിരുന്നു..
കാലം മുറിവുകള്‍ മായ്ക്കുമ്പോള്‍
വീണ്ടും നീ പനിനീര്‍ പൂക്കള്‍ തേടി
പുതിയ പൂന്തോട്ടം തേടി യലഞ്ഞിടാം...
അപ്പോഴും എന്റെ കൈയില്‍
ആ വാടാ മല്ലികള്‍ ഉണ്ടാവും..
കരിയാതെ നിന്നെയും പ്രതീക്ഷിച്..
നിന്റെ മുറിവുകളില്‍ തലോടാനായ് ..

പൂമ്പാറ്റകള്‍

ഇലക്കുമ്പിള്‍ മാറോടു ചേര്‍ത്ത്
 വിടര്‍ന്ന തുമ്പപ്പൂവും നോക്കി
 തൊടികള്‍ തോറും ഓടിയതിന്നോര്‍മയുണ്ടോ
 സഖീ നിനക്ക് ഇന്നോര്‍മ്മയുണ്ടോ
 ഒഴിഞ്ഞ ഇളക്കുംബില്‍ നോക്കി
 വിതുമ്പും നിന്‍ ചാരത്ത് വന്നു
 എന്‍ പൂക്കുംപില്‍ മുഴുവനായ്
  തന്നതോര്‍മ്മയുണ്ടോ.
 സഖീ.. നിനക്ക് ഇന്ന് ഓര്‍മ്മയുണ്ടോ ...
 അപ്പോള്‍...
 നാണത്താല്‍ കുനിയും നിന്‍ മുഖത്ത്
 വിരിഞ്ഞ വികാരങ്ങള്‍ക്ക്
 എന്‍ കൈയിലെ പൂവിനെക്കളും 
 ചന്തമുണ്ടായിരുന്നു ..
 ഓണത്തിന്‍ വരവും നോക്കി
  ഒഴിഞ്ഞ ജാലക പടിയിലൂടെ
 താഴുകനായ് ഒഴുകിവരും
 ഓണ നിലാവിന്‍ കുളിര്‍മ്മയില്‍
 നിന്റെ മുഖം തേടി
 എന്‍ കണ്ണുകള്‍ ആകാശ വീഥിയിലൂടെ
 അലഞ്ഞിരുന്നു..
 ഇപ്പോള്‍ ..
 സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ
 കാലങ്ങള്‍ പോയ്‌ മറഞ്ഞു..
  പൂക്കള്‍ക്കും പൂക്കളതിനും നിറഭേദങ്ങള്‍
 വെര്തിരിച്ചരിയാനാവത്ത നിറങ്ങളുടെ
 കടും കൂട്ടുകള്‍ മാത്രമിപ്പോള്‍..
 ഇനിയെന്ന് തഴുകും എന്‍ പഴയ ഓണ നിലാവ്
 ഇലക്കുംപിളില്‍ പൂക്കളിറുക്കാന്‍
 തൊടിയിലലയാന്‍
 പൂക്കള്‍ ഇരുക്കുവാനുള ആവേശത്താല്‍
  ദേഹത്ത് ചെളി പുരളാന്‍
 ഇനിയെന്ന് വരും എന്‍ തോളില്‍
 ഓണത്തിന്‍ വരവറിയിക്കുന്ന
 ആ പൂമ്പാറ്റകള്‍ ...
 എവിടെ വരാന്‍..
 പൂമ്പാറ്റകള്‍ അല്പയുസ്സുകള്‍ മാത്രമല്ലോ..
 വര്‍ണ്ണങ്ങള്‍ വാരി വിതറി
 കണ്ണിനു കുളിരേകി..
  നമ്മെ കടന്നുപോം പൂമ്പാറ്റകള്‍
 ഇനിയും വരട്ടെ ജീവിതത്തില്‍..
 നിറമുള്ള കുറെ പൂമ്പാറ്റകള്‍ ..

കാഴ്ച

സ്വപ്നങ്ങള്‍ക്ക് നീല വെളിച്ചമായിരുന്നു...
കേള്‍ക്കുന്ന ശബ്ദത്തിനു നേര്‍ത്ത ഞരക്കത്തിന്റെ
അകമ്പടിയുമുണ്ടായിരുന്നു...
നടപ്പാതകളിലെ വിജനത മനസ്സില്‍
താള ബോധം വിരങ്ങലിപ്പിചിരുന്നു ...
കാത്തു നില്ക്കാന്‍ പറഞ്ഞ വഴിയരികില്‍
കാറ്റില്‍ പറക്കുന്ന കടലാസ് കഷ്ണങ്ങള്‍ മാത്രം ..
മോഹങ്ങളുടെ ചിരകരിഞ്ഞിട്ട...
നിന്റെ ബാക്കി പത്രമോ അത്..
മനസ്സില്‍ തിരിച്ചറിയുമ്പോഴേക്കും
ചുറ്റിലുമുള്ള വായു കണങ്ങള്‍ ഏതോ മുഖ രൂപമായ്‌ ..
എന്നെ തുറിച് നോക്കുന്നുണ്ടായിരുന്നു ..
അപ്പോള്‍ അതിനു ചിരിയോ അതോ
കാപട്യത്തിന്റെ കറുത്ത പാടോ..

ജലകണങ്ങള്‍

സാഹചര്യം എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും..
സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന ജല കണങ്ങള്‍ ..
ഒരു നദിയായി.. കടലായ്.. ഒരു ചെറു പുല്‍ കൊടിമേല്‍ ..
എത്രയെത്ര സാഹചര്യ  രൂപ മാറ്റങ്ങള്‍ ..
ഇടുങ്ങിയതോ .. വലുതോ.. പാത്രം  ഏതായാലും..
പരിഭാവമില്ലതെയ് പാത്രത്തിന്‍ ആകൃതിയില്‍
വിശ്രമം കൊള്ളുന്നവര്‍  .. ഈ ജല കണങ്ങള്‍..
ജീവിതത്തില്‍.. സാഹചര്യങ്ങള്‍ എന്നെ വേട്ടയാടുമ്പോള്‍
ഒരു ജല കണമായി മാറുവാന്‍ കഴിഞ്ഞെങ്കില്‍ ..