Saturday, March 18, 2017

ജനൽപാളിക്കിപ്പുറം

ജനൽപാളിക്കിപ്പുറം

പല നാൾ കഴിഞ്ഞിരിക്കുന്നു
ജാലക പടിയിലൂടെ എന്റെ കാഴ്ചകൾ
നരച്ചു തുടങ്ങിയിരിക്കുന്നു.
ശിശിരമല്ലെങ്കിലും ഇലകൾ പൊഴിക്കുന്ന മരങ്ങൾ
വസന്തം വന്നിട്ടും പൂക്കൾ തരാത്ത ചെടികൾ
കാലമുരുളും കാഴ്ചകൾ
നരച്ചു തുടങ്ങിരിക്കുന്നു എന്നിൽ.

നിന്നെ കൊതിച്ച നാൾ മുതൽ
അരികിൽ വന്നു എന്നെ പുല്കാതെ
അകന്നു മാറുന്ന നീയിപ്പോൾ
എനിക്ക് നൽകുന്നത്
നിന്നോടുള്ള സ്നേഹത്താലുണ്ടായ
വിരഹ വേദന മാത്രമാണ്
അതിൽ ഞാനെന്റെ മറ്റു വേദനകൾ
അറിയാതെ മറന്ന് പോവുന്നു.

മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധവും പേറി ഞാൻ
ഇനിയെത്ര നാൾ കാത്തിരിക്കണം
ഹേ മരണമേ നീ എന്നെയൊന്ന് പുല്കുവാൻ.
നിന്നോടുള്ള പ്രണയത്താൽ
വിരഹാർദ്രമായ മനസ്സുമായി
നിന്നെയിവിടെ കാത്തിരിക്കുന്നു ഞാൻ.
ഓരോ അസ്തമയ സൂര്യനെയും നോക്കി
പ്രതീക്ഷയോടെ .....
-----അനൂപ് ശ്രീലകം -------

Monday, February 27, 2017

കാലം സാക്ഷി

കാലം സാക്ഷി
പോവുക നീ,  ഇനി വരില്ലെന്ന മൊഴിയുമായി
നിനക്കായ് കരുതിയ ജീവ ജലം
ഞാനീ തെരുവോരത്ത് പകർന്നിടുന്നു,
ഇനി ഒരിക്കലും തിരിച്ചെടുക്കാനാവാതെ ..
എന്റെ ഓർമ്മകളിൽ പോലും അവശേഷിപ്പിക്കാതെ
നിന്റെ ഓർമ്മകൾ നീ എടുത്തു കൊൾക .
അതിനെ നാം  സ്വരുക്കൂട്ടിയ സ്വപ്‌നങ്ങൾ കൊണ്ട്
കത്തിച്ചു ചാമ്പലാക്കുക
ആ ചാരം  കൊണ്ടാവണം  നീ
നിന്റെ പുതിയ , കാത്തിരിക്കുന്ന വഴിവക്കിലെ
ചെടിയിൽ പൂവിടാനുള്ള വളമായി മാറ്റേണ്ടത് .
ഇനിയൊന്നുറങ്ങണം എനിക്ക്
താനുള്ള സ്വപ്നങ്ങളുടെ വേലിയേറ്റം ഇല്ലാതെ ..
പിന്നെ , ഉദിച്ചുയരുന്ന സൂര്യനോട്
ഒരു ദിനം  കൂടി കടം ചോദിക്കണം
എന്റേത് മാത്രമായ ഒരു ദിനം എനിക്ക് ജീവിക്കാൻ ,
ജീവിതത്തിന്റെ ലാഭ നഷ്ടങ്ങൾ കൂട്ടുമ്പോൾ
ആയുസ്സിന്റെ കണക്കു പുസ്തകം
ചെറുതായതിന്റെ പേരിൽ പിണങ്ങിപ്പോയ
നിന്റെ ഓർമ്മകളില്ലാതെ ജീവിക്കുവാൻ
ഒരു ദിനം കൂടി കടം ചോദിക്കണം എനിക്ക്
ഉദിച്ചു ഉയരുന്ന സൂര്യനോട് ..
 ആ പ്രകാശത്തിലലഞ്ഞു ചേരാൻ ,
പിന്നെ ഒരു ജന്മം കൂടി കടം ചോദിക്കുവാൻ ...
----അനൂപ് ശ്രീലകം ------