Saturday, July 9, 2011

കുഞ്ഞാറ്റ

"ര്‍ണീം.... ര്‍ണീം.... ര്‍ണീം.... "
കുറച്ചു നേരത്തെ ബെല്‍ നു ശേഷം അവന്‍ ഫോണ്‍ എടുത്തു ..
"ഹെലോ "
" മോനെ അമ്മയാടാ .. മോന്‍ എഴുന്നേറ്റോ.. "
ഹോ ഉറക്കത്തില്‍ നിന്നും ഞെട്ടി  എഴുന്നെല്പിച്ചിട്ടു അമ്മയുടെ ഒരു കുശലാന്വേഷണം.
മറുപടിയായി ഒരു മൂളല്‍ മാത്രം കൊടുത്തു അവന്‍ ...
"മോനെ നമ്മുടെ കുഞ്ഞാറ്റ മരിച്ചു പോയി.. ഇന്ന് പുലര്‍ച്ചയ്ക്ക് .. "

അത് കേട്ടയുടനെ അവന്റെ എല്ലാ ഉറക്കവും പോയി ..
ബെഡില്‍ അവന്‍ എഴുന്നേറ്റിരുന്നു .. റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തു .. സമയം 7 മണി ആവുന്നേയുള്ളൂ.. വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ കിടക്കുകയാണ് മറ്റുള്ള കൂട്ടുകാരെല്ലാം .. വെള്ളിയാഴ്ചയാണ് അവനും കൂട്ടുകാര്‍ക്കും ലീവ് ദിവസം .. 6 per ഒരുമിച്ച് കിടന്നുറങ്ങുന്ന ചെറിയ ഒരു ഫ്ലാറ്റ് .. അതില്‍ ഒരുവന്‍ ആണ് അവന്‍. ഓരോരുത്തരും അവരവരുടെ ബെഡ് മാത്രം സ്വന്തം ലോകമായി കഴിയുന്ന ദുബൈയിലെ ഒരു സാധാരണ ഫ്ലാറ്റ് . അവിടെയാണ് അവനും കൂട്ടുകാരും താമസിക്കുന്നത്

" എന്താ പറ്റിയെ ..? അവള്‍ക്കു ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. പെട്ടെന്ന്  ഇങ്ങനെ.. ? "
" അറിയില്ല .. ഞാന്‍ അവിടെ വരെ ഒന്ന് പോയിട്ട് വരാം ... പിന്നെ വിളിക്കാം ... "
അതും പറഞ്ഞ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു ..
അപ്പൊ കഴിഞ്ഞ ലീവ് നു പോയിട്ട് തിരിച്ചു വരുമ്പോള്‍ കുഞ്ഞാറ്റ എന്നോട് പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സില്‍
"ബേ ഉവൈക്ക് ലുള് ബേ "
അവളുടേത്‌ മാത്രമായ ഒരു ഭാഷ .. ഇനി എപ്പോ കാണും എന്നായിരിക്കും അവള്‍ ചോദിച്ചത് ..
കുഞ്ഞാറ്റ.. നല്ല ഓമനത്തം തുളുമ്പുന്ന മുഖമുള്ള 10 വയസ്സ് പ്രായമുള്ള ഒരു മാലാഖ .. അവള്‍ക്കു കേള്‍വിക്ക് മാത്രേ കുഴപ്പമില്ലാതുള്ളൂ ..
സംസാരിക്കാന്‍ കഴിയാത്ത .. ബുദ്ധി കുറച് പുറകിലോട്ടുള്ള ഒരു കൊച്ചു പെണ്‍കുട്ടി .. ആദ്യത്തെ 2 മക്കള്‍ക്ക്‌ ശേഷം 20 വര്‍ഷത്തിനു ശേഷം ആഗ്രഹിക്കാത്ത നേരത്ത് അച്ഛനും അമ്മയ്കും ഉണ്ടായ കുഞ്ഞു വാവ.. പ്രായം ചെന്ന സമയത്ത് ഉണ്ടായ കുഞ്ഞു  ആയതുകൊണ്ടാണോ അതോ ദൈവം ശിക്ഷയായി ഭൂമിയില്‍ പിറവി കൊള്ളിച്ചതാണോ എന്നറിയില്ല .. മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു കുഞ്ഞാറ്റ .. അവളുടെ വീട്ടുകാരോടും പിന്നെ തൊട്ടടുത്തുള്ള അവന്റെ വീട്ടുകാരോടും മാത്രം ഇടപഴുകുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നവള്‍ ..
പൂമ്പാറ്റയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നവള്‍.. എപ്പോഴും പൂമ്പാറ്റയ്ക്ക്  വേണ്ടി അവനോടു വാശി പിടിചിരുന്നവള്‍.. പൂമ്പാറ്റയെപ്പോലെ ആയുസ്സും കുറഞ്ഞിരുന്നോ അവള്‍ക്കു .. അല്ലെങ്കില്‍ അവളുടെ അമ്മയുടെ കണ്ണ് നീരിനു ഒരു താത്കാലിക വിരാമത്തിനു ദൈവം തന്നെ അവളെ തിരിച്ചു വിളിച്ചതോ..?

പെട്ടെന്നായിരുന്നു അവന്റെ പുറത്ത് ഒരു അടി വീണത് .. കൂടെ ദേഷ്യത്തോടെയുള്ള ഒരു മുറുമുറുപ്പും
" ഡാ എന്ത് പണ്ടാരമടങ്ങാനാ ഇത്ര രാവിലെ ലൈറ്റ് ഉം ഇട്ടിട്ടു ബെഡില്‍ ഇരുന്നു പിറു പിറുക്കുന്നെ..? നാശം ആകെയുള്ള വെള്ളിയാഴ്ചയും ഇവന്‍ പണ്ടാരമടക്കുമല്ലോ.. "
അവന്‍ പെട്ടെന്ന് ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ് ലേക്ക് കിടന്നു .. ദു:ഖങ്ങളും സന്തോഷങ്ങളും എല്ലാം പ്രകടിപ്പിക്കാന്‍ ആകെ ഒരു ബെഡ് സ്പേസ് മാത്രമുള്ള അവന്‍ അവന്റെ തലയിണയില്‍ മുഖം പൂഴ്ത്തി കിടന്നു .. മനസ്സില്‍ ദു:ഖം കടിച് അമര്ത്തിക്കൊണ്ട്..

കുറച്ച് കഴിഞ്ഞപ്പോള്‍  അമ്മയുടെ ഫോണ്‍ വീണ്ടും വന്നു ..
" കുഞ്ഞാറ്റയോടൊപ്പം  അവളുടെ അമ്മയും പോയേടാ.. ഇന്നലെ ചോറില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നത്രേ.. "
അമ്മയുടെ കരച്ചില്‍ കാരണം പിന്നെ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല .. ഫോണ്‍ കട്ട്‌ ചെയ്തു ... അമ്മയ്ക്ക് അത്ര കാര്യമായിരുന്നു അവളെ ... 
എന്തിനായിരിക്കും കുഞ്ഞാറ്റയുടെ അമ്മ അങ്ങനെ ചെയ്തത് .. ഇത്ര വര്‍ഷം കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്നിട്ട് .. ഇപ്പൊ എന്തിനു ഇങ്ങനെ..?
പ്രായം വളരെ കഷ്ടപ്പെടുത്തിയുരുന്നു കുഞ്ഞാറ്റയുടെ അമ്മയെ .. ഇനി തന്റെ കാല ശേഷം അവളുടെ അവസ്ഥ ആലോച്ചിചിട്ടവുമോ..? ബാലികമാര്‍പ്പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് തന്റെ കാല ശേഷം ബുദ്ധിമാന്ദ്യമുള്ള അവള്‍ സുരക്ഷിതയയിരിക്കില്ല എന്ന തോന്നലോ ..?
ഇങ്ങനെ നാം അറിയാതെ അവര്‍പോലും അറിയാതെ എത്ര കുഞ്ഞാറ്റമാര്‍ ഈ ലോകത്തോട്‌ വിട പറയുന്നുണ്ടാവും..