Wednesday, July 27, 2022

കാഴ്ച മങ്ങിടാത്ത വഴി

*കാഴ്ച മങ്ങിടാത്ത വഴി*
ഒരു പകലുറക്കത്തിൻ്റെ സ്വപ്നത്തില് കടന്നു വന്ന
മായ കാഴ്ചയായിരുന്നില്ല നീ..
ഹൃദയ താളമായി കൂടെ കൂടിയ
കൺമുന്നിലേ നേരായ കാഴ്ചയാണ് നീ..
മിഴിനീരുണക്കാൻ ഹൃദയങ്ങൾ കൊരുത്ത് വച്ച
ഇണ കുരുവികളെ പോലെ
കടലിനിരുവശവുമിരുന്ന് സ്വപ്നങ്ങൾ കാണുന്ന
നീയില്ലെങ്കിൽ ഞാനില്ലെന്ന് ബോധ്യമുള്ള
ദൃഢമായ ഒരു ബന്ധത്തിൻ്റെ
സ്നേഹ സ്പർശം ആണ് നീ ..
പുഴയുടെ കളകളാരവം കേട്ടുണരുന്ന
മരച്ചില്ലകൾക്ക് കീഴെ
ഞാനൊരു കൂട് കൂട്ടുന്നുണ്ട്
നമ്മുടെ സ്വപ്നങ്ങൾക്ക് മിഴിവേകാൻ..
ഇനി പുലരുന്ന പുലരികളൊക്കെയും
ഒരുമിച്ചുണർന്ന് ഒന്നിച്ചിരുന്ന് കാണാൻ..
മനസ്സിൽ മുറ്റത്തൊരു പൂക്കളം തീർത്തിടാൻ
നടണമൊരു പൂച്ചെടി ആ പുഴ വക്കിലായ്.
അതിൽ വന്നിരിക്കുന്ന കുയിലിൻ്റെ പാട്ടിന്
മറുവാക്ക് ചൊല്ലണം നമ്മുടെ പ്രണയത്താൽ...
വെയിലേറ്റ് വാടുന്ന നിമിഷങ്ങളിലൊക്കെയും
ഒഴുകുന്ന പുഴയുടെ മടിയിൽ കിടക്കണം..
നിലയില്ലാതൊഴുകി വരുന്ന ഇലകളോക്കെയും
നാളെയുടെ അലങ്കാരമായി കുടിലിൽ എത്തിക്കണം..
വിട പറയും സൂര്യനെ നോക്കി മൊത്തി കുടിക്കുന്ന
ചായയുടെ നിമിഷങ്ങൾ കഴിഞ്ഞാൽ
ഒരു ചെറു വിളക്കിൻ്റെ വെട്ടത്തിൽ ഉമ്മറത്തിരുന്ന്
ഒരു പുതപ്പിനാൽ ശീതമകറ്റി
നാളെയെക്കുറിച്ചു വേവലാതിയില്ലാതെ
ഇന്നിനെ ആസ്വദിക്കണം നമുക്ക്...
സ്വപ്നങ്ങൾ സ്വപ്നങ്ങളായ് ഒടുങ്ങാതെ
നേർ കാഴ്ചയിലെത്തുവാൻ
ഇനി ഞാനെൻ്റെ വഴി തെളിച്ചിടട്ടെ
കാഴ്ച മങ്ങിടാത്ത ഒരു വഴി തെളിക്കട്ടെ...
*അനൂപ്‌ശ്രീലകം*