Tuesday, December 10, 2013

ഒറ്റപ്പെടല്‍


വിറങ്ങലിക്കുമീ തണുപ്പിന്‍ ഉടയാടയില്‍
ജാലക പിടിയില്‍ പിടിച്ചു ഞാന്‍
വഴിയരിക്‌ നോക്കി നില്‍ക്കേ,
തിരക്കേറുമീ വഴിയില്‍
പരിചിത മുഖങ്ങളേറേയുണ്ടായിട്ടും
തനിച്ചായതിണ്റ്റെ വ്യഥ മനസ്സിലൂറി.
തെളിയുന്നു മനസ്സില്‍ ,
സൌരഭ്യമൂറും  നിമിഷങ്ങളാല്‍
പൂമ്പാറ്റകള്‍ പാറി നടക്കും ഇടങ്ങളില്‍
മതിമറന്നാനന്ദിച്ച നിമിഷങ്ങളൊക്കെയും.
ഭ്രാന്തമായ്‌ പായുന്ന നഗരമീ വഴികളില്‍
ശലഭങ്ങള്‍ക്ക്‌ ആയുസ്സ്‌ മാത്രമല്ല,
സ്വപ്നങ്ങള്‍ പോലുമില്ലെന്ന്‌
ഞാന്‍ ഇപ്പോ തിരിചറിയുന്നു...
ഞാന്‍ മാത്രമായ്‌ ഈ വഴിയരികില്‍
വിജനമാം ഒറ്റയടി പാതയിലകപ്പെട്ടപോലെ..
മണ്ണിനെ കുളിരണിയിച്ച മഞ്ഞുപോലും
എന്‍ മനസ്സിനെ കുളിരണിയിക്കാതെ കടന്നുപോയീ..
വസന്തവുമായി വന്ന കൂട്ടുകള്‍
ഒരു പൂ പോലും തരാതെയകന്നുപോയി..
ഇരുള്‍ വീണു കറുക്കുന്ന വഴിയില്‍,
തേടുന്നു ഞാനിപ്പൊ,
ഒരു കൈത്തിരി വെളിച്ചത്തിനായ്‌..
കൂടണയും പറവകള്‍പോലും
നിശ്ശബ്ദമായ്‌ എന്നരികിലൂടെകടന്നു പോയി...
ഇനിയെത്ര ദൂരം ഞാന്‍ താണ്ടേണം,
ഇനിയെത്ര മഴ കുളിരു ഞാന്‍ കൊള്ളേണം,
ഇനിയെത്ര മിന്നല്‍ പിണരുകള്‍ ഞാന്‍ ഭയക്കേണം..
അറിയുന്നില്ല ഞാന്‍ ,
എന്നിലൂടെ കടന്നു പോകുന്ന
ദിവസങ്ങളുടെ എണ്ണമെത്രയെന്നുപോലും.
പരിഭവിക്കാനുള്ള മനസ്സുപോലും,
തനിച്ചായതിണ്റ്റെ തനിയാവര്‍ത്തനം പാടുന്നു.
വസന്തതിന്‍ പൂക്കളാല്‍ പൂക്കളമൊരുക്കേണ്ട മനസ്സിപ്പോള്‍,
ശിശിരത്തിന്റെ വിറങ്ങലില്‍ കൊഴിയുന്ന
ഇലകള്‍പോലെ
ചിന്തകളും മനസ്സില്‍ കൊഴിഞ്ഞിടുന്നു..
ഇനിയൊരു പൂന്തോട്ടം തീര്‍ത്തിടാന്‍ ,
മഴത്തുള്ളികള്‍ പൂക്കളിലാടിടാന്‍ ,
രാവിന്റെ  മഞ്ഞു തുള്ളിയെ നെറുകയിലേറ്റിടാന്‍ ,
 കാത്തിരിക്കുന്നു ഞാനീ വഴിയില്‍
പരിചിത മുഖങ്ങള്‍ക്കിടയിലും,
തനിച്ച്‌..
പൂവണിയാനായുള്ള, എന്റെ  സ്വപ്നങ്ങളുമായ്‌..


------ അനൂപ്‌ ശ്രീലകം -----

മരുഭൂമിയിലെ മഴ

 

മഴ പെയ്തു തോര്‍ന്നിരിക്കുന്നു...
വരണ്ടുണങ്ങിയ മനസ്സിലും മരുഭൂമിയിലും.
മഴയുടെ പിന്നാലെ തോഴനായ്‌ വന്നകാറ്റും
മനസ്സിനെ തണുപ്പിച്ചിരിക്കുന്നു...
തിരികെ കൂടണയും വഴിയിലെ ഇടവേളയും
സന്തോഷത്തിന്റെ നിമിഷങ്ങള്‍ കൂട്ടുവന്നിരിക്കുന്നു...
നീ കൂടെയുള്ള നിമിഷങ്ങള്‍,
മനസ്സിനെ ആര്‍ദ്രമാക്കുന്നത്‌ ഞാനറിയുന്നു..
പരസ്പരം പങ്കുവചു കഴിക്കുന്ന
ഭക്ഷണത്തിനിത്രയും രുചിയുണ്ടെന്നു,
ഇന്നാണെന്റെ മനസ്സ്‌ പറഞ്ഞത്‌...
നനുത്ത നീര്‍പ്പുളകവുമായ്‌ വിരിച്ചിരിക്കും
പുല്‍ത്തകിടിയില്‍ അടുത്തിരിക്കുമ്പോള്‍
ഇത്രയും മനോഹരമണീ പച്ചപ്പിനെന്ന്
ഞാനാദ്യമയ്‌ അറിയുകയായിരുന്നു...
എന്റെ കൈവെള്ളയില്‍ നിന്‍ കരസ്പശമേറ്റപ്പോള്‍
നമ്മെ ചുറ്റി നമ്മിലലിയുന്ന തണുത്ത ആ കാറ്റ്‌ പോലും
ചെറു ചൂടുമായി വിദ്യുത്‌ തരംഗങ്ങള്‍
എന്‍ മനസ്സിലേക്കെത്തിയത്‌ ഞാനറിഞ്ഞു..
പക്ഷെ.. പറഞ്ഞ വാക്കുകളിലൊന്നിലും
മനസ്സില്‍ തുളുമ്പിയ പ്രണയം മുഴുവനുമില്ലായിരുന്നു...
ജീവിതത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത
തീഷ്ണമായ വാക്കുകളാല്‍ തീര്‍ത്ത
യഥാര്‍ത്യത്തിന്‍ വാചക കൂടാരങ്ങള്‍ മാത്രം..
അറിയാം പരസ്പരം എങ്കിലും
തുറക്കാത്ത പ്രണയ ജാലക വാതില്‍ അടച്ചിട്ട്‌
ഒരിക്കല്‍ കൂടി അതിന്റെ  ദൃഡ്ഡത വരുത്തി
ഇനിയുമൊരിക്കല്‍ കാണാനായി
പിരിയുന്നു നാമിപ്പോള്‍...
കണ്‍കോണിലുതിര്‍ന്ന മിഴിനീരിനെ
മന:പൂര്‍വ്വം അവഗണിച്ചുകൊണ്ട്‌..

------- അനൂപ്‌ ശ്രീലകം ------