Monday, August 8, 2022

സ്വപ്നങ്ങൾ പൂക്കുന്ന നേരം

പുന:ർജനിക്കാനിനിയൊരു ജന്മമില്ലാത്ത നാം
ഇനിയെന്തിനിങ്ങനെ കനവ് കാണീടണം
പുലരുംവരെയിങ്ങനെ
സ്വപ്ന സഞ്ചാരിയാവണം ..
വാക്കുകളിലൂടെ പടുത്തുയർത്തിയ
വേദാന്തങ്ങളല്ലാത്ത തീരങ്ങൾ തേടുവാൻ
കൈകോർത്ത് നടന്നിടാം നാമെന്ന വഴികളിൽ..
ഒരു കൊച്ച് ജീവനായി വന്നൊരീ മണ്ണിൽ
ഒന്നുമാവാതെ മറഞ്ഞു പോവാതിരിക്കുവാൻ,
കനലുകൾ കോരിയിട്ട ഹൃദയവുമായി
മറവിയുടെ ചിതയിലേക്ക് എത്താതിരിക്കുവാൻ
ഇനിയെങ്കിലും ഞാനെൻ്റെ വിരലുകൾ
നിൻ്റെയീ വിരലിൽ കോർത്തിടട്ടെ..
ഓർക്കുക നീ..
ബന്ധനങ്ങളുടെ ഓർമകൾ നീർ കുമിളകളാണ്...
ദിവസങ്ങൾ കൊഴിയുമ്പോൾ മാഞ്ഞ് പോവുന്ന
ദന്ത ഗോപുരത്തിൽ അലങ്കരിച്ച
വെറും നീർ കുമിളകൾ..
കാല ചക്രങ്ങൾക്കിടയിൽ ഒരിടത്ത്
നാമും ജീവിച്ചിരിക്കുന്നു എന്ന്
അടയാളപ്പെടുത്തുവാൻ
നമുക്ക് കരുതി വെക്കാം
നമ്മുടെ സ്വപ്നങ്ങൾ പൂക്കുന്ന സമയങ്ങൾ..
മറ്റാർക്കും പകരം തരാനാവാത്ത
നമ്മളാൽ പൂർണ്ണമാവുന്ന നമ്മുടെ നേരത്തെ...

അനൂപ് ശ്രീലകം