Tuesday, August 23, 2022

മനസ്സ് തളിർക്കുന്നിടം

കൊഴിഞ്ഞു പോയ ജീവിത ഏടുകളിൽ
മായ്ക്കാൻ മറന്നൊരു പരിഭവങ്ങൾ
മനസ്സിനെ ശിശിരകാലമാക്കിടുമ്പോൾ
മാഞ്ഞ് പോയ പ്രണയാക്ഷരങ്ങൾ
വീണ്ടും തളിർത്തിടുന്നെൻ ഹൃദയത്തിൽ
നിന്നെ കണ്ട മാത്രയിൽ....
പരിഭവ കാറ്റേറ്റ് പൂക്കാതെ പോയൊരെൻ
സ്വപ്ന വാടിയിൽ വസന്തമാകാൻ
നിൻ ഒരു നോട്ടമത് തന്നെ കൂടുതൽ...
ജന്മ സാഫല്യം നേടുവാനായ്
പാതി വഴിയിൽ വച്ചെൻ ജീവിത പാതിയായി
മുമ്പേ ഗമിക്കുന്ന കാലത്തിലേക്ക്
പുതു വെളിച്ചമായി വന്നതാണ് നീ..
സ്വപ്നങ്ങളായ് കൊഴിയുന്ന ജീവിത താളുകൾ
ചേർത്ത് വച്ചൊരു പുതു ജീവിത മാക്കുവാൻ
നിന്നെയണിയിക്കുന്നു ഞാനെൻ്റെ
സ്വപ്നങ്ങൾ കോർത്ത് വച്ചൊരു പൂത്താലിയും
സീമന്ത രേഖയിൽ മായാത്തൊരു കുങ്കുമവും..
ഇനിയുള്ള കാലമത്രയും നാമിരുവരും
യാത്ര പോകാം നമ്മുടെ മനസ്സ് പൂക്കുന്നിടത്തേക്ക്..
ഹൃദയ താളം തളിർക്കുന്നിടത്തേക്ക്...

anoopsreelakam

Monday, August 8, 2022

സ്വപ്നങ്ങൾ പൂക്കുന്ന നേരം

പുന:ർജനിക്കാനിനിയൊരു ജന്മമില്ലാത്ത നാം
ഇനിയെന്തിനിങ്ങനെ കനവ് കാണീടണം
പുലരുംവരെയിങ്ങനെ
സ്വപ്ന സഞ്ചാരിയാവണം ..
വാക്കുകളിലൂടെ പടുത്തുയർത്തിയ
വേദാന്തങ്ങളല്ലാത്ത തീരങ്ങൾ തേടുവാൻ
കൈകോർത്ത് നടന്നിടാം നാമെന്ന വഴികളിൽ..
ഒരു കൊച്ച് ജീവനായി വന്നൊരീ മണ്ണിൽ
ഒന്നുമാവാതെ മറഞ്ഞു പോവാതിരിക്കുവാൻ,
കനലുകൾ കോരിയിട്ട ഹൃദയവുമായി
മറവിയുടെ ചിതയിലേക്ക് എത്താതിരിക്കുവാൻ
ഇനിയെങ്കിലും ഞാനെൻ്റെ വിരലുകൾ
നിൻ്റെയീ വിരലിൽ കോർത്തിടട്ടെ..
ഓർക്കുക നീ..
ബന്ധനങ്ങളുടെ ഓർമകൾ നീർ കുമിളകളാണ്...
ദിവസങ്ങൾ കൊഴിയുമ്പോൾ മാഞ്ഞ് പോവുന്ന
ദന്ത ഗോപുരത്തിൽ അലങ്കരിച്ച
വെറും നീർ കുമിളകൾ..
കാല ചക്രങ്ങൾക്കിടയിൽ ഒരിടത്ത്
നാമും ജീവിച്ചിരിക്കുന്നു എന്ന്
അടയാളപ്പെടുത്തുവാൻ
നമുക്ക് കരുതി വെക്കാം
നമ്മുടെ സ്വപ്നങ്ങൾ പൂക്കുന്ന സമയങ്ങൾ..
മറ്റാർക്കും പകരം തരാനാവാത്ത
നമ്മളാൽ പൂർണ്ണമാവുന്ന നമ്മുടെ നേരത്തെ...

അനൂപ് ശ്രീലകം

Wednesday, July 27, 2022

കാഴ്ച മങ്ങിടാത്ത വഴി

*കാഴ്ച മങ്ങിടാത്ത വഴി*
ഒരു പകലുറക്കത്തിൻ്റെ സ്വപ്നത്തില് കടന്നു വന്ന
മായ കാഴ്ചയായിരുന്നില്ല നീ..
ഹൃദയ താളമായി കൂടെ കൂടിയ
കൺമുന്നിലേ നേരായ കാഴ്ചയാണ് നീ..
മിഴിനീരുണക്കാൻ ഹൃദയങ്ങൾ കൊരുത്ത് വച്ച
ഇണ കുരുവികളെ പോലെ
കടലിനിരുവശവുമിരുന്ന് സ്വപ്നങ്ങൾ കാണുന്ന
നീയില്ലെങ്കിൽ ഞാനില്ലെന്ന് ബോധ്യമുള്ള
ദൃഢമായ ഒരു ബന്ധത്തിൻ്റെ
സ്നേഹ സ്പർശം ആണ് നീ ..
പുഴയുടെ കളകളാരവം കേട്ടുണരുന്ന
മരച്ചില്ലകൾക്ക് കീഴെ
ഞാനൊരു കൂട് കൂട്ടുന്നുണ്ട്
നമ്മുടെ സ്വപ്നങ്ങൾക്ക് മിഴിവേകാൻ..
ഇനി പുലരുന്ന പുലരികളൊക്കെയും
ഒരുമിച്ചുണർന്ന് ഒന്നിച്ചിരുന്ന് കാണാൻ..
മനസ്സിൽ മുറ്റത്തൊരു പൂക്കളം തീർത്തിടാൻ
നടണമൊരു പൂച്ചെടി ആ പുഴ വക്കിലായ്.
അതിൽ വന്നിരിക്കുന്ന കുയിലിൻ്റെ പാട്ടിന്
മറുവാക്ക് ചൊല്ലണം നമ്മുടെ പ്രണയത്താൽ...
വെയിലേറ്റ് വാടുന്ന നിമിഷങ്ങളിലൊക്കെയും
ഒഴുകുന്ന പുഴയുടെ മടിയിൽ കിടക്കണം..
നിലയില്ലാതൊഴുകി വരുന്ന ഇലകളോക്കെയും
നാളെയുടെ അലങ്കാരമായി കുടിലിൽ എത്തിക്കണം..
വിട പറയും സൂര്യനെ നോക്കി മൊത്തി കുടിക്കുന്ന
ചായയുടെ നിമിഷങ്ങൾ കഴിഞ്ഞാൽ
ഒരു ചെറു വിളക്കിൻ്റെ വെട്ടത്തിൽ ഉമ്മറത്തിരുന്ന്
ഒരു പുതപ്പിനാൽ ശീതമകറ്റി
നാളെയെക്കുറിച്ചു വേവലാതിയില്ലാതെ
ഇന്നിനെ ആസ്വദിക്കണം നമുക്ക്...
സ്വപ്നങ്ങൾ സ്വപ്നങ്ങളായ് ഒടുങ്ങാതെ
നേർ കാഴ്ചയിലെത്തുവാൻ
ഇനി ഞാനെൻ്റെ വഴി തെളിച്ചിടട്ടെ
കാഴ്ച മങ്ങിടാത്ത ഒരു വഴി തെളിക്കട്ടെ...
*അനൂപ്‌ശ്രീലകം*

Monday, May 17, 2021

മനസ്സിലൊരു മഴ

നേരമേറെയായിരിക്കുന്നു ഞാനീ,
മഴപെയ്യുന്ന വഴിയരികിൽ
കാത്തിരിപ്പിന്റെ മടുപ്പും
തലയിൽ ചുമന്നിരിക്കുന്നു..
കളിപറഞ്ഞിരിക്കാനൊരു കാറ്റെങ്കിലുമുണ്ട്
മഴയ്ക്ക് ,പിന്നെ ആർത്തിരമ്പാനും ..
പെയ്തു തോരാൻ വെമ്പുന്ന നേരം
മരച്ചില്ലയിൽ കുറുമ്പ് കാട്ടുന്ന കാറ്റ്,
മഴയോടോതുന്നതെന്തെന്നു നോക്കി
മടുപ്പിന്റെ ഭാരമറിയാതെയീ
കാത്തിരിപ്പ് നിനക്കു വേണ്ടിയാണ്,
നമുക്കായ് പെയ്യുന്നൊരു മഴ
ഒരുമിച്ചൊന്നു നനയാൻ..
ഈ മഴ ഒരു പേമാരിയായി
കഴുത്തറ്റം വെള്ളമെന്നിലേക്കൊഴുകുന്ന
നേരമാവുന്നതിനു മുന്നേ വരിക
എന്നരികിലേക്കു നീ..
ഈ മഴയിൽ ഞാനീ കാറ്റിനോട്
പരിഭവം പറഞ്ഞു,
കാത്തു നിൽപ്പുണ്ടാവും ഞാനെപ്പോഴും.
ഇമചിമ്മാതെയീ നിൽപ്പിലൊരു കാറ്റ്
എന്നിലെ കാഴ്ചകൾ മറച്ചപ്പോ
അറിയുന്നു ഞാൻ,
മഴ പെയ്യുന്നതിവിടെയെൻ മനസ്സിലും
അവിടെയൊരു മഴപെയ്യുന്നത് മണ്ണിലും,
ആ മഴയെ ഉമ്മറത്തിരുന്നു
ആസ്വദിക്കുന്നത് നീയും ആണെന്ന്..
ഇവിടെ പെയ്തൊഴിഞ്ഞുപോയ
മഴയെ നോക്കി നേടുവീർപ്പിടുമ്പോഴും
മനസ്സിൽ മോഹം മായാതെ നിൽക്കുന്നു,
മഴ ഇനിയും വരും, അപ്പോൾ
കൈകൾ ചേർത്തു വച്ചു ആ മഴത്തുള്ളികൾ
നമ്മളൊരുമിച്ചു ഏറ്റുവാങ്ങും..


.... അനൂപ് ശ്രീലകം ...

Saturday, May 15, 2021

സ്വപ്ന താഴ് വരയിലെ   നിശാ ശലഭങ്ങൾ

നേരം സന്ധ്യയായിരിക്കുന്നു..
കഴിഞ്ഞുപോയാ പാതിയായ പകലിന്റേയും  
വരാനിരിക്കുമാ ഇരുട്ടിന്റെയും
ഇടയിലൊരു നേരമായിരിക്കുന്നു..
പകലിന്റെ തീഷ്ണതയിൽ വാടിയ സ്വപ്‌നങ്ങൾ
നിശയുടെ നിലാവിൽ തളിർത്തിടാനായി
ഒരു ശലഭമായി എന്നരികിലേക്ക് വരിക..
സൂര്യ വെളിച്ചത്താൽ ഭ്രമിപ്പിക്കുന്ന നിറങ്ങളില്ലാതെ
നീയെന്റെ സ്വപ്നങ്ങളിൽ കൂടുകൂട്ടുക..
പിറവിയെടുത്ത ജന്മ രഹസ്യമോതി
ഈ നിമിഷത്തെ കളയാതിരിക്കുക..
വരുന്ന ഓരോ യാമങ്ങളിലും
നിശാഗന്ധി പൂത്ത താഴ് വരയിലെ  
ചന്ദ്രബിംബം നോക്കി,
നടവഴി വെളിച്ചമായ നിലാവിനെ
കൈക്കുമ്പിളിലാക്കി പറന്നു പോവാം .. 
ഈ വെളിച്ചം മായും മുന്നേ
എത്താമൊരു ആരാമത്തിൽ
സ്വപ്‌നങ്ങൾ ഒക്കെയും പൂവണിയാൻ..

---അനൂപ് ശ്രീലകം---

Wednesday, March 24, 2021

ഇരുൾ വഴിയിലെ വെളിച്ചം

അകക്കാഴ്ചയാൽ ഒരുപാട് ദൂരം
പിന്നിട്ടിരിക്കുന്നു.
പാതി വഴിയിലെവിടെയോവച്ചാണ്
നിന്റെ നാദമെന്നിലൊരു
ഹൃദയ താളമായി മാറിയത്.
കാതിലാദ്യമായ് നിൻ സ്വരമൊരു
മഴക്കോളു തീർത്തപ്പോ
മറവിയുടെ ആഴങ്ങളിലാണ്ടുപോയ
എന്നിലെ എന്നെ ഞാൻ തിരിച്ചറിയുന്നു..
കേട്ട് തഴമ്പിച്ച പതിവ് പല്ലവികൾ
ഓർമ്മകളുടെ മാറാപ്പിൽ വിശ്രമിക്കട്ടെ..
പ്രണയത്തിനൊരു വർണ്ണമുണ്ടെന്നും
അതിന്റെ നിറം നിന്റെ ശബ്ദമായിരുന്നെന്നും
എന്നെ മനസ്സിലാക്കിയത് നിന്റെ വാക്കുകൾ
എൻ കാതിൽ പതിഞ്ഞപ്പോഴാണ്.
കണ്ണുകളിലെ ഇരുട്ടിനെയില്ലാതാക്കി
മനസ്സിലൊരു വെളിച്ചം വന്നത്
നീയെന്നടുത്തെത്തിയപ്പോഴാണ്..
ഗന്ധം കൊണ്ട് മയക്കുന്ന പൂക്കളുടെ
നിറമൊന്നു കാണാൻ കൊതിച്ച നാളുകൾ
ഇപ്പോഴെന്നിൽ നിന്ന് മറഞ്ഞിരിക്കുന്നു.
മുന്നോട്ടുള്ള പാതയിൽ എനിക്കെന്റെ
ഊന്നുവടിയുടെ ആവശ്യമില്ലെന്ന്
നിന്റെ സാമീപ്യം എന്നെ മനസ്സിലാക്കിക്കുന്നു..
നടന്നു തീർക്കാനിനി എനിക്കായ് ഒരു വഴിയില്ല
നിനക്കായും ഇല്ല ഒരു വഴി..
നടന്നു തീർക്കാനുള്ള വഴികളൊക്കെയും
ഇനി നമുക്കായ് മാത്രമാണ്,
എന്റെ കണ്ണ് നീയും
നിന്റെ കാലുകൾ ഞാനുമായിട്ട് ...


__അനൂപ് ശ്രീലകം __

Monday, October 12, 2020

കാലം കാത്തുവച്ച വഴി

നിശ്ശബ്ദമായയീ താഴ്‌ വരയിൽ
രണ്ടാത്മാക്കൾ നമ്മൾ മാത്രം ..
പരസ്പരം പറയുവാൻ കഥകളേറെയുണ്ടായിട്ടും 
പറയാതെ കണ്ണിൽ  വായിച്ചെടുത്തു നമ്മൾ..
കഥകൾ വാക്കുകളായി മാറുമ്പോൾ 
തനിയെ വരുന്നൊരു ഗദ്ഗദത്തെ 
സമർത്ഥമായി നമ്മൾ മറച്ചുവച്ചു..
ഇനിയൊന്നും പറയാതെ കഥകൾ തൻ ശീലുകൾ
തലയിൽ നിന്നിറക്കി വെക്കാം 
പിന്നെ കൈകൾ കോർത്തു നടക്കാം 
ഈ  താഴ്‌ വരയിലെ കാലങ്ങളൊക്കെയും 
നമുക്കൊരുമിച്ചു പങ്കു വെക്കാം..
നടന്നു നീങ്ങുവാൻ ദൂരം ഒരുപാടുണ്ട് 
സ്വപ്നം കണ്ട്, സ്വപ്നത്തിലൂടെ  നടക്കുവാൻ   
ഇനിയുമൊരുപാട് ദൂരം 
നമുക്കായ് കാലം കാത്തു വച്ചിരിക്കുന്നു.
കാണുവാൻ വൈകിയോയെന്നു  
കാലത്തെ കുറ്റപ്പെടുത്താതെ, 
കാലം കാത്തുവച്ച വഴിയിലൂടെ 
നമ്മൾ നമ്മളെയറിഞ്ഞുകൊണ്ട്
മറ്റാരെയും നോക്കാതെ നടന്നു നീങ്ങാം.. 
 
 ...അനൂപ് ശ്രീലകം....

 
 


Tuesday, October 6, 2020

സ്വപ്ന ലോകം

ഒരു പുഴയുണ്ട്
അതിൽ നമുക്ക് കുളിക്കാം..
പുഴ വക്കിൽ ഒരു മരമുണ്ട്
അതിലെ തണലത്തിരിക്കാം നമുക്ക്..
പുഴയുടെ ചാരെ ഒരു വീടുണ്ട്
അവിടെ നമുക്ക് ഒരു സ്വർഗം തീർക്കാം..
അവിടെ മനുഷ്യരായി നമ്മൾ മാത്രം,
പിന്നെ കൂട്ടിനു
പക്ഷികളും പൂമ്പാറ്റകളും..
തൊടിയിലൊരു വാഴ വെക്കണം
അതിലെ പഴം കഴിക്കാം..
കുടിക്കാൻ പുഴയിലെ വെള്ളം
എടുത്ത് ശുചിയാക്കാം ..
വീടിനു മറുപുറം
ഒരു കാട് ആണ്
നമുക്കായ് വേണ്ടതൊക്കെയും
ആ കാട് തരും.
കാട്ടിലലഞ്ഞു വരുമ്പോ
പുഴവക്കിലൊന്നു വിശ്രമിച്ച്
പുഴയിലൊന്നു കുളിച്ച്
ദിവസത്തിന്റെ ഓരോ നിമിഷവും
ആസ്വദിക്കാം..
നിനക്ക് ഞാനും എനിക്ക് നീയും
കൂട്ടിനു കുറെ സ്വപ്നങ്ങളും..

---അനൂപ് ശ്രീലകം---


 

Monday, October 5, 2020

ഹൃദയത്തിലെഴുതിയ കവിത

മറ്റുള്ളവരാൽ വായിക്കപ്പെടാതിരിക്കാൻ
അക്ഷരങ്ങളിലേക്ക് ആവാഹിക്കാത്ത
മനോഹരമായ ഒരു കാവ്യമാണ്
നിന്നോടെനിക്കുള്ള പ്രണയം.
ഹൃദയത്തിൽ കുറിച്ചിട്ട 
മനോഹരമായ ഒരു കാവ്യം.
വായിക്കുന്തോറും മനസ്സിനെ
ആർദ്രമാക്കുന്ന ഒരു കാവ്യം..
എന്റെ ഹൃദയത്തിൽ നീയും,
നിന്റെ ഹൃദയത്തിൽ ഞാനും
ജന്മ ജന്മാന്തരങ്ങളായി കുടികൊള്ളാൻ,
നമ്മളൊരുമിച്ചു തീർത്ത
സ്വപ്നങ്ങൾക്കൊക്കെയും
നിറം ചാർത്തുന്നത്
അക്ഷരങ്ങളിലാവാഹിക്കാത്ത
ഈ മനോഹര കാവ്യമാണ്..
ദേഹംകൊണ്ടെത്ര അകലെയാണെങ്കിലും
തളർന്നു പോവുന്ന മനസ്സിനെ
തലോടുന്നതാണീ കാവ്യം...
ശ്വാസം നിലയ്ക്കും വരെ
ഹൃദയത്തിൽ സൂക്ഷിക്കുന്ന
എന്റെ മാത്രമായ
എന്റെ പ്രണയ കാവ്യം...
 
...അനൂപ് ശ്രീലകം...  


 

Friday, September 25, 2020

നീയും .. ഞാനും ..

നമ്മൾ രണ്ടു ദ്രുവങ്ങളിലൂടെ ഒഴുകുന്ന
സുന്ദരമായ രണ്ടു നദികളായിരുന്നു..
പ്രായം കൊണ്ട് പക്വമായ മനസ്സിൽ
പ്രണയത്തിന്റെ അർത്ഥങ്ങൾ തേടിയത്
യാഥാർഥ്യത്തിന്റെ ചൂടേറ്റ
മോഹങ്ങളുമായിട്ടായിരുന്നു..
പ്രണയം നമുക്ക് കൗമാരത്തിന്റെ 
ചാപല്യം നിറഞ്ഞതായിരുന്നില്ല..
യൗവനത്തിന്റെ തീഷ്ണതയിൽ
തോന്നിയ കാമവുമായിരുന്നില്ല...
തളർന്നു പോവുന്ന മനസ്സിനെ
ഞാനിവിടെ ജീവിച്ചിരിപ്പുണ്ട് എന്നു
മോഹത്താൽ അറിയിക്കാൻ
ജീവിതത്തിന്റെ ഇടവഴികളിലെ
തണലാണീ പ്രണയം..
വേദനകളുടെ ചൂടുകാറ്റേറ്റ് 
തളരുന്ന മനസ്സിനെ
ഈ തണലിൽ നിർത്തി,
നമുക്കിത്തിരി നേരം സ്വപ്നം കണ്ടിരിക്കാം..
ഇനിയും ഒരു ജന്മത്തിൽ കണ്ടുമുട്ടാൻ
ഈ ജന്മത്തിലെ പ്രണയം ബാക്കി വെക്കാം..

...അനൂപ് ശ്രീലകം...

Saturday, March 18, 2017

ജനൽപാളിക്കിപ്പുറം

ജനൽപാളിക്കിപ്പുറം

പല നാൾ കഴിഞ്ഞിരിക്കുന്നു
ജാലക പടിയിലൂടെ എന്റെ കാഴ്ചകൾ
നരച്ചു തുടങ്ങിയിരിക്കുന്നു.
ശിശിരമല്ലെങ്കിലും ഇലകൾ പൊഴിക്കുന്ന മരങ്ങൾ
വസന്തം വന്നിട്ടും പൂക്കൾ തരാത്ത ചെടികൾ
കാലമുരുളും കാഴ്ചകൾ
നരച്ചു തുടങ്ങിരിക്കുന്നു എന്നിൽ.

നിന്നെ കൊതിച്ച നാൾ മുതൽ
അരികിൽ വന്നു എന്നെ പുല്കാതെ
അകന്നു മാറുന്ന നീയിപ്പോൾ
എനിക്ക് നൽകുന്നത്
നിന്നോടുള്ള സ്നേഹത്താലുണ്ടായ
വിരഹ വേദന മാത്രമാണ്
അതിൽ ഞാനെന്റെ മറ്റു വേദനകൾ
അറിയാതെ മറന്ന് പോവുന്നു.

മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധവും പേറി ഞാൻ
ഇനിയെത്ര നാൾ കാത്തിരിക്കണം
ഹേ മരണമേ നീ എന്നെയൊന്ന് പുല്കുവാൻ.
നിന്നോടുള്ള പ്രണയത്താൽ
വിരഹാർദ്രമായ മനസ്സുമായി
നിന്നെയിവിടെ കാത്തിരിക്കുന്നു ഞാൻ.
ഓരോ അസ്തമയ സൂര്യനെയും നോക്കി
പ്രതീക്ഷയോടെ .....
-----അനൂപ് ശ്രീലകം -------

Monday, February 27, 2017

കാലം സാക്ഷി

കാലം സാക്ഷി
പോവുക നീ,  ഇനി വരില്ലെന്ന മൊഴിയുമായി
നിനക്കായ് കരുതിയ ജീവ ജലം
ഞാനീ തെരുവോരത്ത് പകർന്നിടുന്നു,
ഇനി ഒരിക്കലും തിരിച്ചെടുക്കാനാവാതെ ..
എന്റെ ഓർമ്മകളിൽ പോലും അവശേഷിപ്പിക്കാതെ
നിന്റെ ഓർമ്മകൾ നീ എടുത്തു കൊൾക .
അതിനെ നാം  സ്വരുക്കൂട്ടിയ സ്വപ്‌നങ്ങൾ കൊണ്ട്
കത്തിച്ചു ചാമ്പലാക്കുക
ആ ചാരം  കൊണ്ടാവണം  നീ
നിന്റെ പുതിയ , കാത്തിരിക്കുന്ന വഴിവക്കിലെ
ചെടിയിൽ പൂവിടാനുള്ള വളമായി മാറ്റേണ്ടത് .
ഇനിയൊന്നുറങ്ങണം എനിക്ക്
താനുള്ള സ്വപ്നങ്ങളുടെ വേലിയേറ്റം ഇല്ലാതെ ..
പിന്നെ , ഉദിച്ചുയരുന്ന സൂര്യനോട്
ഒരു ദിനം  കൂടി കടം ചോദിക്കണം
എന്റേത് മാത്രമായ ഒരു ദിനം എനിക്ക് ജീവിക്കാൻ ,
ജീവിതത്തിന്റെ ലാഭ നഷ്ടങ്ങൾ കൂട്ടുമ്പോൾ
ആയുസ്സിന്റെ കണക്കു പുസ്തകം
ചെറുതായതിന്റെ പേരിൽ പിണങ്ങിപ്പോയ
നിന്റെ ഓർമ്മകളില്ലാതെ ജീവിക്കുവാൻ
ഒരു ദിനം കൂടി കടം ചോദിക്കണം എനിക്ക്
ഉദിച്ചു ഉയരുന്ന സൂര്യനോട് ..
 ആ പ്രകാശത്തിലലഞ്ഞു ചേരാൻ ,
പിന്നെ ഒരു ജന്മം കൂടി കടം ചോദിക്കുവാൻ ...
----അനൂപ് ശ്രീലകം ------

Sunday, July 17, 2016

ചില ജന്മങ്ങൾ

ചില ജന്മങ്ങൾ
******************** 

നഗരം നടന്നു കൊണ്ടേയിരുന്നു 
തൊട്ടടുത്ത കാതുകൾക്ക് 
കേൾവി പോലും നൽകാതെ ....
അതിനൊരു കോണിൽ 
നിശ്ചലമായ കണ്ണുകളുമായി 
നീണ്ടു നിവർന്നു കിടക്കുമവളെ നോക്കി 
അവൻ പറയാൻ തുടങ്ങി ..,
കൊടും വേനൽ കഴിഞ്ഞു..
പിന്നെ പേമാരിയും..
അതു കഴിഞ്ഞെത്തുന്ന വസന്തത്തെ വരവേൽക്കാൻ 
നമുക്കൊരു കുടില് പണിയണം 
എന്നിട്ടാ കുടിലിന്റെ മുറ്റത്തു 
വസന്തത്തെ നമുക്ക് കൈപിടിച്ചിരുത്തണം 
ഒളികണ്ണിട്ട് അപ്പോൾ വരും കാറ്റിനെ 
ഒരു പൂ പോലും പൊഴിയാതെ 
മടക്കി അയക്കണം നമുക്ക് .
വരൂ .. നമുക്ക് ഈ മിഥുന പൊൻവെയിലത്തുതന്നെ 
കുടിലിന്റെ മേൽക്കൂര തീർക്കണം .
കണ്ണു തുറക്ക നീ 
പാഴാക്കാനായ് ഒരു നിമിഷം പോലുമില്ല.
ചുറ്റുമുള്ള കണ്ണുകളിൽ ആർദ്രത പരത്തി 
ഒരു നിമിഷമവന്റെ വാക്കുകൾ നിന്നു .
പിന്നെ പതിയെ അവളെയും കൂട്ടി യാത്രയായ് 
ഒരു സ്വപ്ന സൗധം പണിയുവാൻ .
അപ്പോഴും നഗരം നടന്നുകൊണ്ടേയിരിക്കുന്നു 
തൊട്ടടുത്ത കാതുകൾക്ക് കേൾവി പോലും നൽകാതെ .

----- അനൂപ് ശ്രീലകം  ------


Tuesday, August 4, 2015

ഒറ്റയടി പാത അവസാനിക്കുന്നിടത്ത്

ഒറ്റയടി പാത അവസാനിക്കുന്നിടത്ത്
 


രണ്ടായി പിരിയും വഴിയില്‍ ഒന്ന് തെരഞ്ഞെടുത്തത്
പ്രതീക്ഷകള്‍ ഏതുമില്ലാതെയായിരുന്നു ..
ഒറ്റയ്ക്കാ ഒറ്റയടി പാതയിലൂടെ
എത്ര ദൂരം നടന്നെന്നറിയില്ല ..
കൂട്ടിനാരുമില്ലാതെ എന്‍ നിഴല്‍ പോലും ഇല്ലാതെ ..
മനസ്സില്‍ പ്രതീക്ഷയുടെ വെളിച്ചം ഇല്ലെങ്കില്‍ പിന്നെ
നമ്മുടെ പ്രതിബിംബമാവും നിഴല്‍
നമ്മോടൊപ്പം വേണമെന്ന് വാശി  പിടിക്കുന്നതില്‍
ഒരു യുക്തിയില്ലല്ലോ
പാത അവസാനിക്കുന്നിടത്ത് ഒരു മരം മാത്രമെന്തേ  നില്പൂ ..
നിസ്സഹായാവസ്ഥയും പേറി നടന്നു ക്ഷീണിക്കും
മനസ്സിന് അല്പം ആശ്വാസ ത്തിനായ്
വിശ്രമിക്കനായിരിക്കും ..
വഴിയവസാനിക്കുന്നിടത്ത് ഒരു പുഴയും
പുഴയുടെ തീരത്തില്‍ ആ ഒറ്റമരവും
പിന്നെ വിശ്രമിക്കാന്‍ ഇരിപ്പിടം എന്നപോലെ
മരത്തിന്‍റെ വലിയ വേരും പൊങ്ങി കിടപ്പുണ്ടവിടെ ..
യാത്രയുടെ ക്ഷീണമോ നിരാശയുടെ തളര്‍ച്ചയോ
എന്തെന്നറിയില്ല . എനിക്കാ മരത്തിന്‍ വേരില്‍
ഒന്നിരുന്നെ പറ്റൂ ...
പക്ഷെ കൈയടക്കി യിരിക്കുന്നു എനിക്ക് മുന്നേയാസ്ഥലം 
മുഖം വ്യക്തമല്ലാത്ത ഒരാള്‍ രൂപം
അടുത്തെ ത്തിയപ്പോ ഴാണ റിയുന്നത്
വറ്റി വരണ്ട കണ്ണീര്‍ച്ചാലുകള്‍ ആ മുഖത്ത് കലകള്‍ വീഴ്ത്തിയിരുന്നു എന്ന് .
ഒറ്റ വേരിലാണെങ്കിലും ,
രണ്ടു ലോകത്തായ് ഞങ്ങളിരുന്നു ..
കടന്നുപോയ വസന്തവും ശിശിരവും
ഹേമന്തവും ഒന്നും അറിയാതെ ..
വാത്മീകം പൊതിഞ്ഞു അവസാന ശ്വാസം നിലക്കും വരെ ..
ഇനിയൊരു ജന്മം തേടി..
പുതിയ വഴിത്താര കാണും വരെ ..


--- അനൂപ്‌ ശ്രീലകം ....



Tuesday, March 24, 2015

പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..

പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
 
 പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
പൂര്‍ണതയില്‍ എത്താന്‍
അഭയം തന്ന കടലിനോടുള്ള കടമ മറന്നു കൊണ്ട്
ഒരു യാത്ര പോലും പറയാതെ
വഴിയോരത്ത് കാത്തു നിന്ന്
തണല്‍ നല്‍കിയ മരങ്ങള്‍ അറിയാതെ ..
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
മല മുകളില്‍ ജനനത്തിനു കൂട്ട് നിന്ന
ആ പുല്‍ചെടിയെയും തേടി
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
വന്ന വഴികള്‍ മറന്നു പോവാത്തത് കൊണ്ടാണോ എന്നറിയില്ല
പിന്‍ തിരിഞ്ഞ് പോവാനുള്ള വഴികള്‍ സുനിശ്ചിതം,.
ലക്ഷ്യ പൂര്‍ണതയില്‍ നിശ്ചയമില്ലാത്ത യാത്രയാണെങ്കിലും
യാത്ര തുടങ്ങിപ്പോയ് ..
ഇനി അവസാനിക്കേണ്ടിടത്ത് അവസാനിപ്പിച്ചേ പറ്റൂ ..
പോരുന്ന വഴികളിലെ വഴിക്കൂട്ടുകാര്‍
ഇപ്പോഴും അവിടെ ഉണ്ടോ ആവോ..
അതിലൊന്നിലും കണ്ണുടക്കി പരിചയം പുതുക്കി
സമയം കളയാന്‍ ഈ ജന്മം ബാക്കി അത്രയേ ഉള്ളൂ ..
എരിഞ്ഞടങ്ങും മുന്നേ കാണണം ആ പുല്‍ക്കൊടി തുമ്പിനെ...

.... അനൂപ്‌ ശ്രീലകം .....

Saturday, December 6, 2014

പുന:ര്‍ജനിക്കുമോ നീ ഒരിക്കല്‍ കൂടി..



മനസ്സിനാഴങ്ങളിലെ വേലിയേറ്റം
മിഴി നീരായ് കവിളിണ നനയ്ക്കുമ്പോള്‍ ,
തല ചായ്ക്കാനൊരിടം
നിന്‍ മടിത്തട്ട് മാത്രമാണെന്നു ഞാനറിയുന്നു ..
ഭ്രമം പിടിച്ചോരീ ലോകത്ത്
താന്‍ താന്‍ സുഖത്തിനായ് പായും മനുഷ്യരില്‍
ഞാന്‍ മനസ്സില്‍ താലോലിക്കും ,
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്ത്തിയവരും
ഉണ്ടെന്നറിയുമ്പോള്‍ ...
പിടയുന്ന മനസ്സൊന്നു കാണുവാന്‍
അമ്മേ .. നൊന്ത് പ്രസവിച്ച നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ തിരിച്ചറിയുന്നു ..
ബാഹ്യമായ തലോടലൊന്നു പോലും
അവശേഷിപ്പിക്കാതെ
നിത്യതയിലേക്ക് മാഞ്ഞുപോയ
നീയെന്നരികിലേക്കൊരിക്കല്‍ കൂടി
വന്നണഞ്ഞെങ്കില്‍ ..
ഈ വഴിയരികില്‍ ഞാന്‍ തനിച്ചാണ് ..
പാതകള്‍ പലതായ് മാറിടുമ്പോള്‍
മുന്നോട്ടുള്ള പ്രയാണം ഏതെന്നറിയാതെ
പാതി വഴിയില്‍ പകച്ചു ഞാന്‍ നില്‍ക്കുമ്പോള്‍
എനിക്കൊരു വഴികാട്ടിയായ്‌ മാറിടാന്‍
ഒരിക്കല്‍ കൂടി നീ പുന:ര്‍ജനിക്കുമോ ..
മാറണം എനിക്കെന്നിട്ട് ,..
അമ്മയുടെ തല്ലു കിട്ടാനായ്
വികൃതി കാട്ടിയോടും
ആ പഴയ പൈതലാവണമെനിക്ക് ..
ഈ .. ഇരുള്‍മൂടിയ വഴിയരികില്‍ ഞാന്‍ തനിച്ചാണ് ..
പ്രതീക്ഷയുടെ കൈത്തിരി വെട്ടവുമായ്‌
അമ്മേ ... പുന:ര്‍ജനിക്കുമോ നീ ഒരിക്കല്‍ കൂടി ,,,

---------- അനൂപ്‌  ശ്രീലകം -------------------



 

Wednesday, May 28, 2014

മനസ്സ് എന്നോട് പറഞ്ഞത് ..

മുടിയിഴകള്‍  പറത്തുന്ന കാറ്റിന്റെ തലോടലില്‍ 
മൌനമായ് പറയുന്ന നിന്റെ കണ്ണുകളേയും  നോക്കി
കടലിരമ്പം കേട്ട് ഇരിക്കുമ്പോള്‍ 
ഓര്‍ മ്മകള്‍  മനസ്സില് ഒരു തിരയായ്‌ വന്നു ..
കാലം കാത്തുവച്ചത് ഈ നിമിഷത്തിനു വേണ്ടിയാവാം
അല്ലെങ്കില്‍ 
കാലം ചെയ്യിച്ചതാവാം നമ്മളെ ..
വെറുപ്പിന്റെ കയ്പ്പുനീര്‍  കുടിപ്പിച്ച്
ദേഷ്യത്തിന്‍ കണ്ണീര്‍ കുടിപ്പിച്ച്
മനസ്സില്‍ നിറയെ കുത്തുവാക്കുകളും പേറി
ശത്രുതയുടെ  പാരമ്യതയില്‍ വിരാചിച്ചത്
നാം അറിഞ്ഞോ അതോ അറിയാതെയോ ..
അതുമല്ലെങ്കില്‍ ..
സൌഹൃദത്തിന്റെ മുഖംമൂടി അണിഞ്ഞ്
മനസ്സില്‍ വിഷം കുത്തിവച്ചു തന്ന
ചുറ്റിലുമുള്ള സ്വാര്‍ത്ഥമതികളോ ..
കപട സ്നേഹത്തിന്‍റെ മതിലുകള്‍ പൊട്ടിച്
നമ്മള്‍ നമ്മളെ അറിയാന്‍ തുടങ്ങിയപ്പോള്‍
നമ്മള്‍ തിരിച്ചറിയുന്നു ..
ശത്രുതയുടെ മായിക വലയത്തില്‍
നമ്മള്‍ നഷ്ടപ്പെടുത്തിയത്
ദൈവം നമ്മള്‍ക്ക് വരദാനമായി തന്ന
സ്നേഹത്തിന്‍റെ .. ഇഷ്ടത്തിന്റെ ..
മൃദുല സുന്ദര നിമിഷങ്ങളായിരുന്നു ..
ഇപ്പോള്‍ ..
പൊഴിയുന്ന ഇലകളെ നോക്കി
നെടുവീര്‍പ്പിടുന്ന മരത്തിന്റെ
വേദനയാണ് എന്‍ മനസ്സില്‍
നീ അകന്നു പോവുന്ന നിമിഷങ്ങളില്‍ ..

നിന്റെ സ്വരം ഒന്നിടറിയാല്‍
നിന്‍ മിഴികള്‍ ഒന്ന് തൂവിയാല്‍
പിടക്കുന്നത് എന്‍ ഹൃദയം ആണെന്ന് 
ഞാന്‍ തിരിച്ചറിയുന്നു ഇപ്പോള്‍

എന്റെ ഹൃദയത്തിന്റെ അവസ്ഥ തന്നെയാണ്
നിന്റെയും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്
ജീവിതത്തിന്റെ മുള്ളു കളെ കുറിച്ച്
വിഷയം വാക്കുകളില്‍ വന്നപ്പോള്‍
എന്റെ കണ്ണൊന്നു നിറഞ്ഞപ്പോള്‍
പിടയ്ക്കുന്ന നിന്റെ ഹൃദയം..
നീ പോലും അറിയാതെ നിന്‍റെ കൈകളെ
എന്റെ കവിളില്‍ തലോടിച്ചപ്പോഴാണ് ..
അപ്പോള്‍ നീ..
നിലാവിന്റെ നൈര്‍മല്യമായ്
എന്‍ കാതില്‍ മൊഴിഞ്ഞത്
പ്രണയമായിരുന്നു എന്ന് എനിക്ക്
വേര്‍തിരിചെടുക്കനവുന്നില്ല ...
നിന്റെ മൌനംപോലും ചിലപ്പോള്‍
പ്രണയാര്‍ദ്രമായ വാക്കുകള്‍ എന്നില്‍ നിറക്കാറുണ്ട്
എന്റെ കണ്ണുകള്‍ക്ക് ഇപ്പോള്‍
നിന്‍ രൂപമുള്ള ചിത്രങ്ങള്‍ മതി ...
എന്‍ കാതുകള്‍ക്ക് നിന്‍ സ്വരങ്ങള്‍ മതി ...

ഇനി ഒരു പ്രാര്‍ത്ഥന മാത്രം..
അകന്നു പോവരുതേ നിന്‍ മനം എന്നില്‍ നിന്ന്
എന്‍ കണ്ണുകള്‍ അടയുംവരെ
അവസാന ശ്വാസം ഞാന്‍ എടുക്കും വരെ ..
മരണം പോലും നമ്മളെ അകറ്റാതിരുന്നെങ്കില്‍ ..

------ അനൂപ്‌ ശ്രീലകം----

Sunday, March 23, 2014

മയില്‍ പീലി

കാലം മനസ്സില്‍ മറച്ചുവച്ച
മയില്‍ പീലി തുണ്‍ടുകളിന്നു
അറിയാതെ വെയിലത്തിറങ്ങി വന്നു..
ഒരുപാട്‌ കാലം വെയിലേല്‍ക്കാന്‍
കൊതിച്ചൊരാ മയില്‍ പീലി തുണ്‍ടുകള്‍
വെയിലേറ്റ്‌ കോരിത്തരിച്ചുപോയി..
തനിക്കിത്രയേറെ നിറങ്ങളുണ്‍ടെന്ന്
വെയിലത്തു വന്നൊരാ ഇളം കാറ്റ്‌
മയില്‍പീലി തുണ്‍ടിണ്റ്റെ കാതില്‍ മന്ത്രിച്ചു..
പക്ഷെ.. തഴുകി കടന്നു പോകും മുന്നെ
ഇളം കാറ്റ്‌ ഒന്നുകൂടി ഓര്‍മ്മിപ്പിചു..
അഹ്ങ്കരിക്കേണ്ട..
കാലം സ്വപ്നങ്ങള്‍ക്ക്‌ വിരാമം ഇട്ടിരിക്കുന്നു..
പോവുക്‌ നീ പഴയൊരാ മറയതു തന്നെ
അവിടെകിടന്നു ഇരുട്ടില്‍ പുറത്തി
ങ്ങാനാവതെ
വീര്‍പ്പുമുട്ടുന്ന സ്വപ്നങ്ങള്‍ക്ക്‌ കൂട്ടിരുന്നോളൂ..
ഇനി നിന്റെ  ജന്‍മം അവിടെ ഒടുങ്ങട്ടെ..
ഇനിയൊരു ജന്‍മമുണ്‍ടെങ്കില്‍
വെയില്‍ കൊതിക്കും മയില്‍ പീലിയായി
നീ പുനര്‍ജനിക്കുക..
അപ്പോള്‍ ..
നിനക്കു കൂട്ടിരിക്കാന്‍ ഇളം വെയിലും
പിന്നെ ഈ തെന്നലുംകൂടെയുണ്ടാവും..


-------- അനൂപ്‌ ശ്രീലകം --------

Tuesday, December 10, 2013

ഒറ്റപ്പെടല്‍


വിറങ്ങലിക്കുമീ തണുപ്പിന്‍ ഉടയാടയില്‍
ജാലക പിടിയില്‍ പിടിച്ചു ഞാന്‍
വഴിയരിക്‌ നോക്കി നില്‍ക്കേ,
തിരക്കേറുമീ വഴിയില്‍
പരിചിത മുഖങ്ങളേറേയുണ്ടായിട്ടും
തനിച്ചായതിണ്റ്റെ വ്യഥ മനസ്സിലൂറി.
തെളിയുന്നു മനസ്സില്‍ ,
സൌരഭ്യമൂറും  നിമിഷങ്ങളാല്‍
പൂമ്പാറ്റകള്‍ പാറി നടക്കും ഇടങ്ങളില്‍
മതിമറന്നാനന്ദിച്ച നിമിഷങ്ങളൊക്കെയും.
ഭ്രാന്തമായ്‌ പായുന്ന നഗരമീ വഴികളില്‍
ശലഭങ്ങള്‍ക്ക്‌ ആയുസ്സ്‌ മാത്രമല്ല,
സ്വപ്നങ്ങള്‍ പോലുമില്ലെന്ന്‌
ഞാന്‍ ഇപ്പോ തിരിചറിയുന്നു...
ഞാന്‍ മാത്രമായ്‌ ഈ വഴിയരികില്‍
വിജനമാം ഒറ്റയടി പാതയിലകപ്പെട്ടപോലെ..
മണ്ണിനെ കുളിരണിയിച്ച മഞ്ഞുപോലും
എന്‍ മനസ്സിനെ കുളിരണിയിക്കാതെ കടന്നുപോയീ..
വസന്തവുമായി വന്ന കൂട്ടുകള്‍
ഒരു പൂ പോലും തരാതെയകന്നുപോയി..
ഇരുള്‍ വീണു കറുക്കുന്ന വഴിയില്‍,
തേടുന്നു ഞാനിപ്പൊ,
ഒരു കൈത്തിരി വെളിച്ചത്തിനായ്‌..
കൂടണയും പറവകള്‍പോലും
നിശ്ശബ്ദമായ്‌ എന്നരികിലൂടെകടന്നു പോയി...
ഇനിയെത്ര ദൂരം ഞാന്‍ താണ്ടേണം,
ഇനിയെത്ര മഴ കുളിരു ഞാന്‍ കൊള്ളേണം,
ഇനിയെത്ര മിന്നല്‍ പിണരുകള്‍ ഞാന്‍ ഭയക്കേണം..
അറിയുന്നില്ല ഞാന്‍ ,
എന്നിലൂടെ കടന്നു പോകുന്ന
ദിവസങ്ങളുടെ എണ്ണമെത്രയെന്നുപോലും.
പരിഭവിക്കാനുള്ള മനസ്സുപോലും,
തനിച്ചായതിണ്റ്റെ തനിയാവര്‍ത്തനം പാടുന്നു.
വസന്തതിന്‍ പൂക്കളാല്‍ പൂക്കളമൊരുക്കേണ്ട മനസ്സിപ്പോള്‍,
ശിശിരത്തിന്റെ വിറങ്ങലില്‍ കൊഴിയുന്ന
ഇലകള്‍പോലെ
ചിന്തകളും മനസ്സില്‍ കൊഴിഞ്ഞിടുന്നു..
ഇനിയൊരു പൂന്തോട്ടം തീര്‍ത്തിടാന്‍ ,
മഴത്തുള്ളികള്‍ പൂക്കളിലാടിടാന്‍ ,
രാവിന്റെ  മഞ്ഞു തുള്ളിയെ നെറുകയിലേറ്റിടാന്‍ ,
 കാത്തിരിക്കുന്നു ഞാനീ വഴിയില്‍
പരിചിത മുഖങ്ങള്‍ക്കിടയിലും,
തനിച്ച്‌..
പൂവണിയാനായുള്ള, എന്റെ  സ്വപ്നങ്ങളുമായ്‌..


------ അനൂപ്‌ ശ്രീലകം -----

മരുഭൂമിയിലെ മഴ

 

മഴ പെയ്തു തോര്‍ന്നിരിക്കുന്നു...
വരണ്ടുണങ്ങിയ മനസ്സിലും മരുഭൂമിയിലും.
മഴയുടെ പിന്നാലെ തോഴനായ്‌ വന്നകാറ്റും
മനസ്സിനെ തണുപ്പിച്ചിരിക്കുന്നു...
തിരികെ കൂടണയും വഴിയിലെ ഇടവേളയും
സന്തോഷത്തിന്റെ നിമിഷങ്ങള്‍ കൂട്ടുവന്നിരിക്കുന്നു...
നീ കൂടെയുള്ള നിമിഷങ്ങള്‍,
മനസ്സിനെ ആര്‍ദ്രമാക്കുന്നത്‌ ഞാനറിയുന്നു..
പരസ്പരം പങ്കുവചു കഴിക്കുന്ന
ഭക്ഷണത്തിനിത്രയും രുചിയുണ്ടെന്നു,
ഇന്നാണെന്റെ മനസ്സ്‌ പറഞ്ഞത്‌...
നനുത്ത നീര്‍പ്പുളകവുമായ്‌ വിരിച്ചിരിക്കും
പുല്‍ത്തകിടിയില്‍ അടുത്തിരിക്കുമ്പോള്‍
ഇത്രയും മനോഹരമണീ പച്ചപ്പിനെന്ന്
ഞാനാദ്യമയ്‌ അറിയുകയായിരുന്നു...
എന്റെ കൈവെള്ളയില്‍ നിന്‍ കരസ്പശമേറ്റപ്പോള്‍
നമ്മെ ചുറ്റി നമ്മിലലിയുന്ന തണുത്ത ആ കാറ്റ്‌ പോലും
ചെറു ചൂടുമായി വിദ്യുത്‌ തരംഗങ്ങള്‍
എന്‍ മനസ്സിലേക്കെത്തിയത്‌ ഞാനറിഞ്ഞു..
പക്ഷെ.. പറഞ്ഞ വാക്കുകളിലൊന്നിലും
മനസ്സില്‍ തുളുമ്പിയ പ്രണയം മുഴുവനുമില്ലായിരുന്നു...
ജീവിതത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത
തീഷ്ണമായ വാക്കുകളാല്‍ തീര്‍ത്ത
യഥാര്‍ത്യത്തിന്‍ വാചക കൂടാരങ്ങള്‍ മാത്രം..
അറിയാം പരസ്പരം എങ്കിലും
തുറക്കാത്ത പ്രണയ ജാലക വാതില്‍ അടച്ചിട്ട്‌
ഒരിക്കല്‍ കൂടി അതിന്റെ  ദൃഡ്ഡത വരുത്തി
ഇനിയുമൊരിക്കല്‍ കാണാനായി
പിരിയുന്നു നാമിപ്പോള്‍...
കണ്‍കോണിലുതിര്‍ന്ന മിഴിനീരിനെ
മന:പൂര്‍വ്വം അവഗണിച്ചുകൊണ്ട്‌..

------- അനൂപ്‌ ശ്രീലകം ------